
കൊച്ചി:ലോക സിനിമയിൽ അടയാളപ്പെടുത്താനാകുന്ന ഒരു മികച്ച കലാസൃഷ്ടിയാണ് ‘ആടുജീവിതം’ എന്ന് അടിവരയിട്ട് പറയുകയാണ് പ്രേക്ഷകരും സിനിമ പ്രവർത്തകരും.
കഴിഞ്ഞ ദിവസം ചോർന്ന ചിത്രത്തിന്റെ ഫെസ്റ്റിവൽ ട്രെയ്‍ലർ മോശമായ ക്വളിറ്റിയിൽ കാണേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ യൂട്യൂബ് പേജിൽ ട്രെയ്‍ലർ ഇന്നലെ പങ്കുവെച്ചത്.
ബെന്യാമിന്റെ വാക്കുകളിലൂടെ മാത്രം മനസിൽ കണ്ടറിഞ്ഞ നജീബിന്റെ കഥ സാരാംശമായി മൂന്ന് മിനുറ്റ് ട്രെയ്‍ലറിലൂടെ ആവിഷ്കരിക്കുകയായിരുന്നു. പൃഥ്വിരാജിന്റെ ഗംഭീര മേക്കോവറും പ്രകടനവും ബ്ലെസിയുടെ സംവിധാന മികവും എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി എന്നിവരുടെ സംഗീതവും സാങ്കേതികവൈഭവങ്ങളും തന്നെയാണ് കാണികളെ അത്ഭുതപ്പെടുത്തുന്നത്.
പ്രേക്ഷകർ ട്രെയ്‍ലറിന് നൽകുന്ന പ്രതികരണങ്ങൾ ഇങ്ങനെ, ഈ ചിത്രത്തിന് അർഹമായ അംഗീകാരം ലഭിക്കണമെന്നും ഇന്ത്യയുടെ അസാധാരണമായ ചലച്ചിത്രനിർമ്മാണത്തെ ലോകവേദിയിൽ എത്തണമെന്നും ആഗ്രഹിക്കുന്നു, ആടുജീവിതം ഓസ്കറിൽ എത്തണം, ദേശീയ പുരസ്കാരം ഉറപ്പിക്കാം.
ഒരു ഇന്റർനാഷണൽ മെറ്റീരിയൽ, മികച്ച പ്രകടനത്തിനും അർപ്പണബോധത്തിനും കഠിനാധ്വാനത്തിനുമൊക്കെയാണ് ബഹുമതികൾ നൽകുന്നത് എങ്കിൽ തീർച്ചയായും ആടുജീവിതം അതിനർഹമാണ്, ചിത്രം ഓസ്കറിൽ എത്തും. ഇന്ത്യയുടെ അഭിമാനമായി പൃഥ്വിരാജ് മാറും, ഇത് മലായളം സിനിമയ്ക്ക് മാത്രമല്ല, മുഴുവൻ ഇന്ത്യക്കും അഭിമാനിക്കാവുന്ന ഏറ്റവും മികച്ച കലാസൃഷ്ടിയാണ്.