ആലപ്പുഴ: മാരാരിക്കുളം പോസ്റ്റ് ഓഫീസിലെ വിവിധ നിക്ഷേപ പദ്ധതികളിലുള്ള 21 ലക്ഷം രൂപ തിരിമറി നടത്തിയ വനിതാ പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റിൽ.
പള്ളിപ്പുറം പാമ്പുംതറയിൽ വീട്ടിൽ അമിതാനാഥാ(29)ണ് അറസ്റ്റിലായത്. സാധാരണക്കാരായ നിക്ഷേപകരുടെ തുക അക്കൗണ്ടിൽ ഇടാതെയും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമായിരുന്നു തട്ടിപ്പ്.
തട്ടിയെടുത്ത പണം ആർഭാട ജീവിതത്തിനുപയോഗിക്കുകയായിരുന്നു അമിതാനാഥ്. സാധാരണക്കാരുടെ നിക്ഷേപത്തുക തട്ടിയെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിക്ഷേപകര്‍ക്ക് വ്യാജ അക്കൗണ്ട് നമ്പരുകള്‍ സ്വന്തം കൈപ്പടയില്‍ എഴുതിനല്‍കിയും പണം അക്കൗണ്ടില്‍ ഇട്ടിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുമായിരുന്നു തട്ടിപ്പ്. ഒന്ന്, അഞ്ച് വര്‍ഷ കാലാവധിയുള്ള നിക്ഷേപ പദ്ധതികളില്‍ അടച്ച തുകയിലാണു ക്രമക്കേട് കണ്ടെത്തിയത്.
ഇടപാടിനുള്ള ആര്‍ഐസിടി യന്ത്രംവഴി പണമടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തി സീല്‍ പതിച്ചു കൊടുക്കുകയായിരുന്നു ഇവരുടെ രീതി. പണം സ്വന്തം ആവശ്യങ്ങള്‍ക്കും ആര്‍ഭാട ജീവിതത്തിനുമായിരുന്നു ചെലവഴിച്ചിരുന്നത്.
അമിതാനാഥിനെതിരെ പത്തോളം പരാതി പോസ്റ്റ് മാസ്റ്റര്‍ ജനറലിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹം നൽകിയ പരാതിയിലാണ് അമിതാനാഥിനെതിരെ പോലീസ് കേസെടുത്തത്. മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ അമിതാനാഥിനെതിരെ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ പേരും മത്സ്യത്തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ഒരുമാസം മുന്‍പ് ആദ്യം പരാതി ഉയർന്നപ്പോൾ പോസ്റ്റ് മാസ്റ്റർ പണം മടക്കി നല്‍കി പരിഹരിച്ചിരുന്നു.
മത്സ്യത്തൊഴിലാളികൾക്ക് പുറമെ കയര്‍, തൊഴിലുറപ്പ് ജോലികൾ ചെയ്യുന്ന സ്ത്രീകളുടെ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 21 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണു ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടെങ്കിലും തുക ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട് .