കോവിഡ് വ്യാപനം; മാസ്ക് നിർബന്ധമാക്കി സംസ്ഥാനങ്ങൾ, കേരളത്തിലും ജാഗ്രത

ന്യൂഡൽഹി: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ജാഗ്രത കടുപ്പിക്കുന്നു.

കേരളത്തിനു പുറമേ, ഹരിയാനയിലും ഉത്തർപ്രദേശിലും കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, പുതുച്ചേരി എന്നിവിടങ്ങളിലുമാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. കഴിഞ്ഞദിവസം നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കാനും ആരോഗ്യമന്ത്രിയുടെ നിർദേശമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

കൊവി‍ഡിൻ്റെ നാലാം തരംഗം സംബന്ധിച്ചു ജാഗ്രത ആവശ്യമാണെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചൂണ്ടിക്കാട്ടി. ഒമിക്രോണിൻ്റെ ബിഎഫ് 7 ഉപവകഭേദമാണ് ഒടുവിൽ വ്യാപിച്ചിരുന്നത്. നിലവിലെ വ്യാപനത്തിനു കാരണമായിരിക്കുന്നത് എക്സ്ബിബി 1.16 ഉപവകഭേദമാണ്. ഉപവകഭേദങ്ങൾ അത്ര അപകടകാരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ കേസുകളിൽ ഉണ്ടായ വർധന നേരിടാൻ സർക്കാർ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഐസിയു കിടക്കകൾ, ഓക്സിജൻ വിതരണ സംവിധാനം തുടങ്ങിയവ നിലവിൽ സജ്ജമാണ്. തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് ഓരോ ആഴ്ചയും അവലോകന യോഗങ്ങളടക്കം ചേരാനാണ് തീരുമാനം. ഇതിനു പുറമേ പൊതു, സ്വകാര്യ ആശുപത്രികളുടെ അടിയന്തര തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യവ്യാപക മോക്ക് ഡ്രിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കേരളം, ഹരിയാന, ഉത്തർപ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളിലും ഡൽഹി, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് മാസ്ക് അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഹരിയാനയും പുതുച്ചേരിയും പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്കും പഞ്ചായത്തുകൾക്കും ഹരിയാന നിർദേശം നൽകി. കേരളത്തിൽ ഗ‍ർഭിണികൾ, വയോധിക‍ർ, ജീവിതശൈലി രോഗങ്ങൾ ഉള്ളവർ എന്നിവർക്കാണ് മാസ്ക് നിർബന്ധമാക്കിയത്. ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രിയുടെ നിർദേശമുണ്ട്.

ഉത്തർപ്രദേശിൽ അന്താരാഷ്‌ട്ര വിമാന യാത്രക്കാർക്കുള്ള പരിശോധന ഉറപ്പാക്കാൻ സർക്കാർ നിർദേശം നൽകി. കൊവിഡ് സ്ഥിരീകരിക്കുന്ന സാംപിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കണമെന്നും നിർദേശമുണ്ട്. ഡൽഹിയിൽ പരിശോധന കൂട്ടാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.

 

 

Top