ഓസ്‌ട്രേലിയക്കെതിരായ ഏക ട്വന്റി 20 ക്രിക്കറ്റില്‍ വിജയമ് ഇംഗ്ലണ്ടിന്

കാര്‍ഡിഫ്: ഓസ്‌ട്രേലിയക്കെതിരായ ഏക ട്വന്റി 20 ക്രിക്കറ്റില്‍ വിജയം ഇംഗ്ലണ്ടിന്. തിങ്കളാഴ്ച രാത്രി നടന്ന ആവേശകരമായ പോരാട്ടത്തില്‍ അഞ്ച് റണ്‍സിനാണ് ഇംഗ്ലണ്ട് കംഗാരുക്കളെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി റീസ് ടോപലെയും ഓസ്‌ട്രേലിയക്ക് വേണ്ടി മാര്‍ക്കസ് സ്‌റ്റോയിന്‍സും അരങ്ങേറ്റം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ച്ചക്കുശേഷമാണ് മികച്ച ടോട്ടല്‍ നേടിയത്. 18 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഹെയ്ല്‍സിനെയും റോയിയെയും നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റില്‍ മോയിന്‍ അലിയും (പുറത്താകാതെ 72), മോര്‍ഗനും (74) ചേര്‍ന്നാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 138 റണ്‍സ് അടിച്ചുകൂട്ടി. 39 പന്തില്‍ മൂന്ന് ഫോറും 7 കൂറ്റന്‍ സിക്‌സറുമടക്കം 74 റണ്‍സ് നേടിയ മോര്‍ഗനെ കള്‍ട്ടര്‍ നീലിന്റെ പന്തില്‍ വാട്‌സണ്‍ പിടികൂടിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ ബട്ട്‌ലര്‍ 11 റണ്‍സെടുത്തും ബില്ലിങ് രണ്ട് റണ്‍സെടുത്തും മടങ്ങി. 46 പന്തില്‍ നിന്ന് 6 ഫോറും മൂന്ന് സിക്‌സറുമടക്കമാണ് മോയിന്‍ അലി 72 റണ്‍സെടുത്തത്. ഓസ്‌ട്രേലിയക്ക് വേണ്ടി കുമ്മിന്‍സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയക്കും തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സായപ്പോഴേക്കും ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും (4), ഷെയ്ന്‍ വാട്‌സണെയും (8) നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സ്റ്റീവന്‍ സ്മിത്തും (90) ഗ്ലെന്‍ മാക്‌സ്‌വെല്ലും (44) ചേര്‍ന്ന് ടീമിനെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നെങ്കിലും സ്‌കോര്‍ 124-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. മാക്‌സ്‌വെല്ലിനെ പുറത്താക്കി മോയിന്‍ അലിയാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതുമില്ല. തുടര്‍ന്നെത്തിയ മാര്‍ഷ് 13 റണ്‍സെടുത്ത് മടങ്ങി. പിന്നീട് 18.3 ഓവറില്‍ സ്‌കോര്‍ 165-ല്‍ എത്തിയപ്പോള്‍ സ്മിത്തും മടങ്ങി. 53 പന്തില്‍ നിന്ന് ഏഴ് ഫോറും നാല് സിക്‌സറുമടക്കമാണ് സ്മിത്ത് 90 റണ്‍സെടുത്തത്. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു കംഗാരുക്കള്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സ്‌റ്റോക്ക് എറിഞ്ഞ ഈ ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീണതോടെ വിജയം ഇംഗ്ലണ്ടിനൊപ്പമായി. രണ്ട് റണ്‍സെടുത്ത മാത്യു വെയ്ഡും റണ്ണൊന്നുമെടുക്കാതെ കുമ്മിന്‍സിനെയും റണ്ണൗട്ടാക്കിയപ്പോള്‍ കള്‍ട്ടര്‍ നീലിനെ റഷിദ് പിടികൂടി. മോയിന്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ച്.

Top