കൊല്ലം: കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായി.ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെയാണ് (20) കാണാതായത്. നവംബർ 18 മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറഞ്ഞു. കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയെങ്കിലും കുട്ടിയെ കുറിച്ച് വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഓൺലൈൻ കോച്ചിംഗ് വഴി എൻട്രൻസിന് തയാറെടുക്കുകയാണ് ഐശ്വര്യ. വീട്ടിലിരുന്നാണ് പഠനം. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ല കുട്ടിക്കെന്ന് കുടുംബം പറയുന്നു.
ഐശ്വര്യയുടെ ഫോണിന്റെ ലോക്കേഷൻ അവസാനം ലഭിച്ചത് കൊല്ലത്ത് റെയിൽവേ സ്റ്റേഷന് സമീപമാണ്. കുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളക്കം പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ കുട്ടിയെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിൻ്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
സംഭവത്തിൽ കരുനാഗപ്പളളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ 9.30ന് മകൾ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് അമ്മ പറയുന്നു. കുട്ടി ഒരു ഇരുചക്രവാഹനത്തിന്റെ പുറകിൽ ഇരുന്ന് പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇത് ലിഫ്റ്റ് ചോദിച്ച് കരുനാഗപ്പള്ളി വരെ പോയതാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനുശേഷം ഐശ്വര്യ എവിടെപ്പോയി എന്നതിൽ വ്യക്‌തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.പെണ്‍കുട്ടിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.