വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായി കോടതിയില്‍ കയറിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍. വോട്ടഭ്യര്‍ഥിക്കാന്‍ പറവൂരിലെത്തിയ എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അല്‍ഫോന്‍സ് കണ്ണന്താനം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കയറിയതാണ് വിവാദത്തില്‍. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. ബാര്‍ അസോസിയേഷന്‍ പരിസരത്ത് വോട്ട് ചോദിച്ച് എത്തിയ സ്ഥാനാര്‍ഥി അവിടെ വോട്ടഭ്യര്‍ഥിച്ചശേഷം സമീപത്തുള്ള അഡീഷണല്‍ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു. ഈ സമയം കോടതി ചേരാനുള്ള സമയമായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാര്‍ഥി കോടതിമുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം.
എന്നാല്‍ കണ്ണന്താനം കോടതി മുറിയില്‍ കയറിയ സമയത്ത് ജഡ്ജ് കോടതിയില്‍ ഉണ്ടായിരുന്നില്ല. ഇവിടെ നിന്ന് പുറത്തിറങ്ങിയശേഷമാണ് ജഡ്ജിയെത്തിയത്. കോടതിമുറിയില്‍ വോട്ടുതേടുക പതിവില്ലെന്നും കണ്ണന്താനം ചെയ്തത് ചട്ടലംഘനമാണെന്നും അഭിഭാഷകര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി കൊടുക്കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥിക്കൊപ്പം ബി.ജെ.പി. നേതാക്കളുമുണ്ടായിരുന്നു. കോടതിയില്‍ കയറിയതല്ലാതെ വോട്ടഭ്യര്‍ഥിച്ചില്ലെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്.