ന്യൂഡല്‍ഹി : കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കാൻ സാധ്യത .സൂചനനൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് . അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പരാമര്‍ശം. അതുവരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പരമാവധി എത്താന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരി അവസാനവാരം അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.കഴിഞ്ഞ തവണ മാര്‍ച്ച് നാലിന് ആയിരുന്നു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പക്ഷേ, ഞാന്‍ മനസ്സിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാര്‍ച്ച് ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ തീയതി പ്രഖ്യാപിക്കും എന്നുള്ളതാണ്. അതേ സമയം അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്-മോദി പറഞ്ഞു. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
അതേസമയം പശ്ചിമ ബംഗാളിൽ ബിജെപി സമഗ്ര മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . അതിവേഗ വികസനത്തിനായുള്ള വലിയ ചുവടുവെപ്പാണ് ഇന്ന് ബംഗാൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ കാളീഘട്ടും ദക്ഷിണേശ്വരവും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ മാറ്റം കൊണ്ടു വരാൻ മാത്രമായല്ല ബിജെപി രൂപീകൃതമായത്. മറിച്ച് സമഗ്ര മാറ്റം കൊണ്ടുവരാനാണ്. യുവാക്കൾ ലക്ഷ്യമിടുന്ന ബംഗാളിന്റെ സമഗ്ര മാറ്റം താമര വിരിയുന്നതോടെ സാധ്യമാകും. ബംഗാളിന്റെ ചരിത്രവും സംസ്‌കാരവും ശക്തിപ്പെടുത്തുന്ന സുവർണ ബംഗാളിന് വേണ്ടിയായിരിക്കും ബിജെപി പ്രവർത്തിക്കുക. വികസന പ്രവർത്തനങ്ങളുടെ ഫലം എല്ലാവർക്കും ലഭിക്കും. ആരെയും പ്രത്യേകിച്ച് പ്രീതിപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം സ്വയം പര്യാപ്തത നേടാനുള്ള പ്രധാന കേന്ദ്രമാണ് ബംഗാൾ. അയൽ രാജ്യങ്ങളുമായും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായുള്ള വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കാൻ നിരവധി സാധ്യതകൾ ഇവിടെയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സംസ്ഥാനത്തെ റെയിൽ ശൃംഖല ശക്തിപ്പെടുത്താനായി കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം റെയിൽ, മെട്രോ വികസനങ്ങൾക്കാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. റെയിൽ പാതകൾ നവീകരിക്കൽ, മെട്രോ റെയിലിൽ വൈദ്യുതി വിതരണം എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസിനെതിരെയും മമത സർക്കാരിനെതിയും പ്രധാനമന്ത്രി രൂക്ഷ വിമർശനവും ഉന്നയിച്ചു. ദരിദ്ര ജനവിഭാഗങ്ങളുടെയും കർഷകരുടെയും ഉന്നമനത്തിനായി കേന്ദ്രസർക്കാർ അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിച്ചു. എന്നാൽ ബംഗാളിൽ തൃണമൂൽ ഈ പണം ജനങ്ങളിലെത്താൻ അനുവദിക്കുന്നില്ല. അതിനാലാണ് ബംഗാളിലെ സാധാരണ കുടുംബങ്ങൾ ഇന്നും ദരിദ്രരായി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.