കുവൈറ്റില്‍ മരിച്ചത് 24 മലയാളികള്‍; ഏഴ് പേരുടെ നില ഗുരുതരംമൃതദേഹങ്ങൾ ഒന്നിച്ച് നാട്ടിലെത്തിക്കും.

കുവൈറ്റ് : കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോര്‍ക്ക സിഇഒ അജിത് കോളശേരി. കുവൈത്തിലെ നോർക്ക ഡെസ്കിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 15 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ചെങ്ങന്നൂർ പാണ്ടനാട് വൻമഴി മണക്കണ്ടത്തിൽ മാത്യു തോമസ് (53), മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി.ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. പത്തനംതിട്ട -4, കൊല്ലം – 3, കാസർകോട്, മലപ്പുറം, കോട്ടയം –2 വീതം, കണ്ണൂർ -1,ആലപ്പുഴ–1 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്.

കാസർകോട് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു(29), പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ്.നായർ, കൊല്ലം സ്വദേശി ഷമീർ ഉമറുദ്ദീൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു–48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹങ്ങള്‍ ഒന്നിച്ചു നാട്ടിലെത്തിക്കാനാണു ശ്രമിക്കുന്നതെന്ന് നോര്‍ക്ക സെക്രട്ടറി കെ.വാസുകി. ഇതിനായി പ്രത്യേക വിമാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച് എത്തിക്കുമെന്നും അവര്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് അവിടെ തന്നെ ചികിത്സ നല്‍കും. 15ന് ബലി പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ഇന്ന് വൈകിട്ടോടെ ചാർട്ടേർഡ് വിമാനത്തിൽ മൃതദഹങ്ങൾ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം നടത്തുന്നതെന്നും അധികൃതർ പറഞ്ഞു.

കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബെന്‍ എന്ന സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചര്‍ച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റില്‍ നിന്ന് സുഹൃത്ത് അറിയിച്ചത്. മരിച്ച മലയാളികളില്‍ 16 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്.

മംഗഫിൽ പ്രവാസി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ദുരന്തത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നു കേസ് അന്വേഷിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അറിയിച്ചു.

കെട്ടിടനിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തുന്ന സാഹചര്യങ്ങളിൽ ഇനി മുതൽ താക്കീതു നൽകാതെ തന്നെ നടപടിയെടുക്കുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് സൗദ് അൽ-സബാഹ് മുന്നറിയിപ്പ് നൽകി. “വ്യാഴാഴ്ച മുതൽ, എല്ലാ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലും എന്തെങ്കിലും നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്നു മുനിസിപ്പാലിറ്റിയും സംഘങ്ങളും അന്വേഷിക്കും, ‘‘തീപിടിത്തം നടന്ന സ്ഥലം പരിശോധിക്കുന്നതിനിടെ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ കെട്ടിടത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനിടെ കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കും. മാത്രമല്ല, മന്ത്രി വീണാ ജോര്‍ജ് കുവൈറ്റിലേക്ക് പോകും. ജീവന്‍ ബാബു ഐ എ എസും മന്ത്രിക്കൊപ്പം കുവൈറ്റിലെത്തും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സഹിക്കാന്‍ കഴിയാത്ത അത്ര വേദനയാണ് ഓരോ കുടുംബത്തിനും ഉണ്ടായിരിക്കുന്നതെന്നും സംഭവം നിര്‍ഭാഗ്യകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Top