സ്വന്തം ലേഖകൻ
റായ്പൂർ: ലോകത്തിനു മുഴുവൻ മാതൃകയാകുമെന്നു കൊട്ടിഘോഷിച്ച് ബിജെപി അധികാരത്തിലെത്തിച്ച ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുന്നു. ഉത്തർപ്രദേശിലെ ആശുപത്രികളിൽ ശ്വാസം കിട്ടാതെ പിഞ്ചു കുട്ടികൾ പിടഞ്ഞു വീണു മരിക്കുമ്പോൾ, അവർക്കു ഒരു രൂപ പോലും മാറ്റി വയ്ക്കാത്ത സർക്കാർ ഹിന്ദു സന്യാസിമാർക്ക് കുഭമേള നടത്താൻ മാറ്റി വച്ചത് 2500 കോടി രൂപ.
ശിശുമരണങ്ങൾ തുടർക്കഥയായ ഉത്തർപ്രദേശിൽ ആശുപത്രികളുടെ അടിസ്ഥാനവികസനത്തിനു പണം ഇല്ലാത്ത യോഗി സർക്കാർ അർദ്ധകുംഭമേളക്കായി നീക്കിവച്ചത് 2500 കോടി രൂപ. കുംഭമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇത്തവണത്തെ മേള കർഷകർക്കായി സമർപ്പിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഓൾ ഇന്ത്യ റേഡിയോ ആണ് റിപ്പോർട്ട് ചെയ്യുന്നത്. യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തിലെ ബി.ആർ.ഡി ആശുപത്രിയിൽ ശിശുമരണങ്ങൾ തുടരുന്നതിനിടയിലാണ് രണ്ടുവർഷം കഴിഞ്ഞുള്ള കുംഭമേളയുടെ ഒരുക്കങ്ങൾക്കായി യോഗി കോടികൾ ചെലവഴിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഗോരഖ്പൂർ ബി.ആർ.ഡി ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ ഇരുനൂറോളം കുഞ്ഞുങ്ങളാണ് മരിച്ചത്. ആശുപത്രിക്ക് വിതരണം ചെയ്ത ഓക്‌സിജന്റെ കുടിശ്ശിക നൽകാത്തതിനാൽ കമ്പനി ഓക്‌സിജൻ വിതരണം നിർത്തിവക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം തുടർക്കഥ ആയപ്പോഴും ആശുപത്രിയിലെ അടിസ്ഥാന വികസനത്തിന് പണം അനുവദിക്കുകയോ പകർച്ചവ്യാധികൾ തടയുന്നതിന് ശുചീകരണം ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിന് പകരം മരിച്ച കുട്ടികളുടെ രക്ഷിതാക്കളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രി യോഗി സ്വീകരിച്ചത്. ആശുപത്രിയിലെ അടിയന്തിര ഘട്ടത്തിൽ സ്വന്തം കയ്യിൽനിന്നു പണം മുടക്കി ഓക്‌സിജൻ വാങ്ങി ആശുപത്രിയിൽ എത്തിച്ച ശിശുരോഗ വിഭാഗം മേധാവി ഡോ. കഫീൽ ഖാനെ പുറത്താക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ശിശുമരണങ്ങൾ തുടരുന്നതിനിടെ ബി.ആർ.ഡി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളുടെ അടിസ്ഥാന വികസനത്തിനായി സർക്കാർ ഇതുവരെ ചെറിയ തുക പോലും ചെലവഴിച്ചില്ല. സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിയെന്ന് യോഗി അവകാശപ്പെടുന്ന ബി.ആർ.ഡി മെഡിക്കൽ കോളേജിൽ കുട്ടികളുടെ വാർഡിൽ പശുവും നായ്ക്കളും കയറി ഇറങ്ങുന്ന വാർത്തകളും ചിത്രങ്ങളും ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നതാണ്. പൊതുജനാരോഗ്യ രംഗത്ത് ഉൾപ്പെടെ സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനം ഉറപ്പാക്കുന്നതിനായി നടപടി എടുക്കുന്നതിനു പകരം സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിലാണ് യോഗി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.