സ്വന്തം ലേഖകൻ
ഗുവഹാത്തി: കാടിറങ്ങിയെത്തിയ കൊമ്പനും സംഘവും നാട്ടിലെത്തിയ ശേഷം കെട്ടിടം തകർത്ത് 26000 രൂപയുടെ നോട്ട് ഭക്ഷിച്ചു. 50 ന്റെയും പത്തിന്റെയും നോട്ടുകൾ മാറ്റി വച്ച കൊമ്പൻസംഘം രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ തിരഞ്ഞു പിടിച്ചു ഭക്ഷിക്കുകയായിരുന്നു. അസമിലെ സോണിപ്പൂർ ജില്ലയിൽ തരാജുളി തെയിലത്തോട്ടത്തിലായിരുന്നു സംഭവങ്ങൾ. തോട്ടത്തിലെ ഗേറ്റ് തകർത്ത് അകത്തു കടന്ന കൊമ്പൻമാർ,കെട്ടിടത്തിന്റെ മതിൽ തകർത്തശേഷം പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന നോട്ടുകൾ കഴിക്കുകയായിരുന്നു.
40000 രൂപയുണ്ടായിരുന്ന പണപ്പെട്ടിയിലെ വലിയ നോടട്ടുകൾ മാത്രമാണ് കൊമ്പൻമാർ അകത്താക്കിയത്. ചെറിയ മൂല്യമുള്ള നോട്ടുകളെല്ലാം തന്നെ ഉള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് കൊമ്പൻമാരുടെ ആക്രമണമുണ്ടായത്. സമീപത്തെ രണ്ടു വീടുകളും കടയുടെ മതിലും കൊമ്പൻമാരുടെ വമ്പിനു മുന്നിൽ മുട്ടു കുത്തി.
മൂന്നാം തവണയാണ് ഇതേ കടയുടെ മതിൽ കൊമ്പൻമാർ തകർക്കുന്നത്. എന്നാൽ, പണപ്പെട്ടി തകർക്കുന്നതും പണം കഴിക്കുന്നതും ആദ്യമായാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അസമിലെ ഗ്രാമങ്ങളിൽ ആനകൾ എത്തുന്ന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിൽ കയറി മദ്യം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാൽ, ആദ്യമായാണ് നോട്ട് ഭക്ഷിക്കുന്നതെന്നാണ് സൂചന.