തിരുവനന്തപുരം: സര്‍ക്കാറിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 26 വിദേശമദ്യ വില്‍പനശാലകള്‍ ഇന്നു അടച്ചു പൂട്ടും. ബിവറേജസ് കോര്‍പ്പറേഷന്റെ ഇരുപത്തിരണ്ടും കണ്‍സ്യൂമര്‍ഫെഡിന്റെ നാലും ഔട്ട്‌ലെറ്റുകളാണ് പൂട്ടുന്നത്. ഒക്‌ടോബര്‍ രണ്ടിനാണ് ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടതെങ്കിലും നാളെ ഡ്രൈ ഡേ ആയതിനാല്‍ ഫലത്തില്‍ ഇന്നുതന്നെ ഈ മദ്യഷാപ്പുകള്‍ക്കു താഴുവീഴും. എല്ലാ വര്‍ഷവും ഗാന്ധിജയന്തി ദിനത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ 10 ശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ പൂട്ടാനാണ് മദ്യനയം ശിപാര്‍ശ ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ 51 ഔട്ട്‌ലെറ്റുകള്‍ പൂട്ടിയിരുന്നു. 46 ബിവറേജസ് ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡിന്റെ അഞ്ചും ഔട്ട്‌ലെറ്റുകളാണ് കഴിഞ്ഞ വര്‍ഷം പൂട്ടിയത്. നിയമപ്രകാരം ബിവറേജസിന്റെ 34 ഔട്ട്‌ലെറ്റുകളാണ് പൂട്ടേണ്ടിയിരുന്നതെങ്കിലും 46 ഔട്ട്‌ലെറ്റുകള്‍ സര്‍ക്കാര്‍ പൂട്ടിയിരുന്നു. പൂട്ടേണ്ട ഔട്ട്‌ലെറ്റുകളുടെ പട്ടികക്ക് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമരൂപം നല്‍കും. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവ, ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ ഔട്ട്‌ലെറ്റുകള്‍, പ്രാദേശികമായ എതിര്‍പ്പുകള്‍ എന്നീ ഘടകങ്ങള്‍ പരിഗണിച്ചാവും പൂട്ടേണ്ട ഔട്ട്‌ലെറ്റുകളുടെ പട്ടിക തയാറാക്കുക. ഔട്ട്‌ലെറ്റുകളുടെ പട്ടിക തയാറാക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓരോവര്‍ഷവും ഒക്ടോബര്‍ രണ്ടിനാണ് മദ്യശാലകള്‍ പൂട്ടേണ്ടത്. ഈവര്‍ഷവും ഇക്കാര്യത്തില്‍ മാറ്റമുണ്ടാവില്ല. ദേശീയപാതയ്ക്ക് അരികിലുള്ള മദ്യവില്‍പനശാലകള്‍ പൂട്ടണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. എന്നാല്‍ അത്തരത്തിലുള്ളവ മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ബിവറേജസുകള്‍ വഴിയുള്ള വില്‍പ്പന 18 ശതമാനം കുറഞ്ഞുവെങ്കിലും നികുതിയിനത്തില്‍ വരുമാനം കൂടിയതായും അദ്ദേഹം പറഞ്ഞു.