പൂര്‍ണ സന്തോഷവാന്മാരായിരിക്കാന് മനുഷ്യര്‍ക്ക് സാധിക്കാറില്ല. സമ്പത്തില്ല, നല്ല ജോലിയില്ല, ബന്ധങ്ങളിലെ വിള്ളല്‍.. അങ്ങനെ നൂറായിരം പരാതികളായിരിക്കും എപ്പോഴും. ഇതിന് പുറമെ സോഷ്യല്‍മീഡിയയില്‍ എന്തെങ്കിലുമൊക്കെ വിഷയത്തില്‍ ഒരു പരിചയവുമില്ലാത്തവരുമായി തര്‍ക്കിക്കും. ‘സന്തോഷം കണ്ടെത്താന്‍ കഴിയാതെ നിങ്ങള്‍ ദുഃഖിച്ചിരിക്കുന്ന സമയത്ത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവിതം തന്നെ മാറ്റിമറിക്കണമെന്ന്? അതിനുള്ള ധൈര്യമുണ്ടോ? ജീവിതമെന്ന ഇട്ടാവട്ടക്കാലത്ത് ചെയ്തുതീര്ക്കാന് ഒരുപാട് കാര്യങ്ങള്‍ നമുക്കുണ്ട്’, ഇത് പറഞ്ഞത് ഓസ്ട്രേയിന്‍ സ്വദേശിനിയായ ഹോളി ബുച്ചര്‍ ആണ്. പക്ഷെ ഹോളിഇന്ന് ജീവിച്ചിരിപ്പില്ല.
എവിംഗ്സ് സാര്‍കോമ എന്ന അപൂര്‍വയിനം കാന്‍സര്‍ ബാധിച്ചായിരുന്നു 27ാം വയസില്‍ ഹോളിയുടെ മരണം. മരണത്തിന് തലേ ദിവസം ഹോളി ഒരു തുറന്ന കത്തെഴുതി ഫെയ്സ്ബുക്കിലിട്ടു. അവള്‍ക്ക് ലോകത്തോട് വിളിച്ചുപറയാനുണ്ടായിരുന്ന കാര്യങ്ങളായിരുന്നു ആ കത്തില്‍. മരണം അടുത്തെത്തി എന്നറിഞ്ഞ നിമിഷത്തിലായിരുന്നു അവള് ആ കത്തെഴുതാന്‍ തീരുമാനിച്ചത്. ഈ ചെറുപ്രായത്തില്‍ ജീവിതത്തോട് വിട പറയുന്നതിന് മുമ്പ് അവള് അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു കത്തായിരുന്നു അത്. ”എനിക്കിപ്പോള്‍ 27 വയസ്. എനിക്ക് പോകേണ്ട”, അവള് എഴുതി. ”ഞാന്‍ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു. എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. പക്ഷെ ഒന്നും എന്റെ നിയന്ത്രണത്തിലല്ല”. ജീവിതത്തെ കുറിച്ച് പരാതിപ്പെടുന്നതും, അനാവശ്യമായി സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്നതും എല്ലാവരും ഒഴിവാക്കണമെന്നും ഹോളി പറഞ്ഞു. ജീവിതം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കണമെന്നും അവള് കൂട്ടിച്ചേര്‍ത്തു. ഹോളിയുടെ ഹൃദയത്തില്‍ തട്ടി വന്ന വാക്കുകളായിരുന്നു അവള് ആ കത്തില്‍ കുറിച്ചിട്ടത്. ജീവിച്ച് കൊതിതീരാത്ത അവളുടെ വാക്കുകള്‍ ഏവരുടെയും കണ്ണ് നനയിച്ചു. ഒരു പക്ഷെ മറ്റുള്ളവര്‍ക്ക് ജീവതത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകള്‍. ജീവിതം അതിന്റെ പൂര്‍ണതലത്തില്‍ ജീവിക്കണമെന്നാണ് അവള്‍ക്ക് മറ്റുള്ളവരോട് അവസാനമായി പറയാനുണ്ടായിരുന്നത്.”ജീവിതം ക്ഷണികമാണ്, അമൂല്യമാണ്, പ്രവചനാതീതമാണ്.. ഓരോ ദിവസവും ഓരോ സമ്മാനമാണ് ജീവിതം”, ഹോളി കുറിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളുടെ സ്നേഹം എപ്പോഴും പ്രകടിപ്പിക്കൂ. ഹോളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. നിരവധി പേര് വികാരഭരിതരായി കമന്റുകളിട്ടു.