വയനാട്:മീനങ്ങാടിക്കടുത്ത് കേണിച്ചിറയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടത്തെി. കേണിച്ചിറ സ്വദേശികളായ അനൂപ്, ഭാര്യ ആനി ഇവരുടെ രണ്ടരവയസുകാരി മകള്‍ എന്നിവരാണ് മരിച്ചത്. രാവിലെ ഇവരെ കിടപ്പുമുറിക്ക് പുറത്തുകാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും അയല്‍വാസികളും വീട് പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്തെിയത്.അനൂപ് ബെഡ്റൂമില്‍ തൂങ്ങിമരിച്ച നിലയിലും ആനിയുടെയും ആന്‍ റോസിന്റെയും മൃതദേഹങ്ങള്‍ കട്ടിലിലുമാണ് കാണപ്പെട്ടത്.ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം അനൂപ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു.അനൂപ് പെയിന്റിംഗ് തൊഴിലാളിയാണ്.
സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്നമെന്നു കരുതുന്നു. പുലര്‍ച്ചെ ആന്റണി റബര്‍ വെട്ടാന്‍ പോയി തിരികെ 8 മണിയോടുകൂടി വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് ജനാലവഴി നോക്കിയപ്പോഴാണ് മകന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. സമീപത്തുള്ള ബന്ധുക്കളെയും കൂട്ടിവന്ന് വാതില്‍ തുറന്നപ്പോഴാണ് ആനിയും മകളും കട്ടിലില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. ഇതിനിടെ ആനിയുടെയും മകളുടെയും മരണം ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണെന്ന് ആനിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലെ ആശുപത്രിയില്‍ കഴിയുന്ന ആനിയുടെ ചേച്ചിയെ കാണാന്‍ അനൂപും ആനിയും മകളും പോയിരുന്നു. തിരികെ വീട്ടിലെത്തിയത് അല്പം വൈകിയാണ്. ഇതിനെച്ചൊല്ലി അനൂപിന്റെ അമ്മയുമായി വഴക്കുണ്ടായതായി പറയപ്പെടുന്നു. തങ്കച്ചന്‍-എല്‍സി ദമ്പതികളുടെ മകളാണ് ആനി. മറിയാമ്മയാണ് അനൂപിന്റെ മാതാവ്. പുല്‍പ്പള്ളി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ആര്‍. സതീശന്‍, കേണിച്ചിറ അഡിഷണല്‍ സബ് ഇന്‍സ്പെക്ടര്‍മാരായ പി.വി. വിജയന്‍, കുഞ്ഞനന്തന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.