പൂന: 2009ല്‍ പൂനയില്‍ സോഫ്ട് വെയര്‍ എന്‍ജിനിയറായിരുന്ന നയന പൂജാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ടാക്സി ഡ്രൈവര്‍മാരായ യോഗേഷ് റൗത്ത്, മഹേഷ് താക്കൂര്‍, വിശ്വം കഡാം എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്. മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയും സെക്യൂരിറ്റി ജീവനക്കാരനുമായിരുന്ന രാജേഷ് ചൗധരി മാപ്പുസാക്ഷിയായി മാറിയിരുന്നു.
2009 ഒക്ടോബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഇരുപത്തിയെട്ടുകാരിയായ നയനപൂജാരി അക്രമിക്കപ്പെടുന്നത്. ടാക്സി ഡ്രൈവര്‍ യോഗേഷ് റൗത്തും സുഹൃത്തുംചേര്‍ന്ന് യുവതിയെ
തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിച്ചശേഷം യുവതിയെ ഇവര്‍ കൂട്ടമാനഭംഗം ചെയ്തു. പിന്നീട് യുവതിയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. സമീപത്തെ കാട്ടില്‍ മൃതദേഹം ഉപേക്ഷിച്ചശേഷം പ്രതികള്‍ കടന്നുകളയുകയും ചെയ്തു.
യുവതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 61,000രൂപയും ഇവര്‍ കവര്‍ന്നു. നീണ്ട അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ പ്രധാനപ്രതി യോഗേഷ് റൗത്ത് പിടിയിലായി. എന്നാല്‍, 2011ല്‍ കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍വച്ച് ഇയാള്‍ രക്ഷപെട്ടു. പതിനെട്ട് മാസത്തോളം ഡല്‍ഹിയില്‍ ഒളിവില്‍കഴിഞ്ഞ പ്രതിയെ പുണെ ക്രൈംബ്രാഞ്ച് പിടികൂടി. പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കി.
കേസില്‍ വിശദമായി വാദംകേട്ട പുണെയിലെ പ്രത്യേകകോടതി, അറസ്റ്റിലായ മൂന്നുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. മൂന്നുപേര്‍ക്കും വധശിക്ഷനല്‍കണമെന്ന് നയനയുടെ ഭര്‍ത്താവ് അഭിജിത്ത് പൂജാരി ആവശ്യപ്പെട്ടിരുന്നു. പ്രതി യോഗേഷ് റൗത്ത് നേരത്തെയും സമാനമായ രീതിയില്‍ മറ്റൊരു കൊലപാതകവും നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ വ്യക്തമായതായി പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.
രണ്ടുപതിറ്റാണ്ടുകൊണ്ട് രാജ്യത്തെ പ്രമുഖ ഐടി ഹബ്ബായി മാറിയ പുണെയില്‍, ഇത്തരം സ്ഥാപനങ്ങളിലെ വനിതാജീവക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും തുടര്‍ക്കഥയാണ്. മലയാളിയായ ഇന്‍ഫോസിസ് ജീവനക്കാരി രസീല രാജുവിന്റെ കൊലപാതകമാണ് അവസാനമായി നടന്ന ക്രൂരകൃത്യങ്ങളിലൊന്ന്.