സൗത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ ടിവി ഷോ ആയ സൗത്ആഫ്രിക്കാസ് ഗോട്ട് ടാലന്റ് പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമാവുകയു ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഡിജെ ക്ക് വെറും മൂന്നു വയസ് !…തകര്‍പ്പന്‍ പരകടനത്തിലൂടെ ഈ ഡിജെ ഗോള്‍ഡന്‍ ബസര്‍ സ്വന്തമാക്കി സെമി ഫൈനലില്‍ നേരിട്ടു പ്രവേശിക്കാനുള്ള യോഗ്യതയും നേടിയിരിക്കുകയാണ് .കൊച്ചരിപ്പല്ലുകള്‍ മുളയ്ക്കുന്നതിനും അടിതെറ്റാതെ നടക്കാന്‍ പഠിക്കുന്നതിനും മുമ്പു തുടങ്ങിയതാണ് ആര്‍ക്ക് ജൂനിയര്‍ എന്ന കൊച്ചുകുറുമ്പന്റെ ഡിജെപ്രേമം. ഒന്നാം വയസുമുതല്‍ ഡിജെയോടുള്ള കൊച്ചു ആര്‍ക്കിന്റെ ഇഷ്ടം മാതാപിതാക്കള്‍ മനസിലാക്കിയെങ്കിലും അന്നവര്‍ അതത്ര കാര്യമാക്കിയിരുന്നില്ല.
അച്ഛനൊപ്പം ആര്‍ക്ക് സ്റ്റേജില്‍ കടന്നു വന്നപ്പോള്‍ ജഡ്ജസ് ശരിക്കുമൊന്ന് അന്തിച്ചു. ഈ മൂന്നു വയസുകാരന്‍ ഇത്തരമൊരു ഷോയില്‍ എന്തു ചെയ്യാന്‍. പക്ഷേ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഡിജെ അക്ഷരാര്‍ഥത്തില്‍ ജഡ്ജസിനെയും കാണികളെയും അമ്പരപ്പിക്കുകയായിരുന്നു. അച്ഛന്റെ ഒക്കത്തിരുന്നു വന്നു തെല്ലുനാണത്തോടെ കാണികളോട് ഹായ് പറഞ്ഞ കുട്ടിക്കുറുമ്പന്‍ ഡിജെ പാര്‍ട്ടി തുടങ്ങിയതോടെ സദസും ജഡ്ജസും ആഹ്ലാദാരവങ്ങള്‍ തുടങ്ങി. പ്രായത്തെക്കാള്‍ കവിഞ്ഞ ഗൗരവത്തോടെ ഓരോ ട്യൂണും സൗണ്ടും മാറ്റിയും മറിച്ചും അവന്‍ സദസിനെ ആസ്വദിപ്പിക്കുകയും ഒപ്പം സ്വയം ആസ്വദിക്കുകയും ചെയ്തു.
മകന് ഡിജെയോടുള്ള പ്രിയം മനസിലായതോടെ അവനു ഒരു വയസു മാത്രം പ്രായമുള്ളപ്പോള്‍ ചില ഡിജെ സോഫ്റ്റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്തു നല്‍കുകയായിരുന്നുവെന്ന് അച്ഛന്‍ ഗ്ലെന്‍ ഹ്ലോങ്വേന്‍ പറഞ്ഞു. വെറും മൂന്നു വയസില്‍ ഇത്രയും കഴിവുണ്ടെങ്കില്‍ കുറച്ചു കഴിഞ്ഞാല്‍ ആര്‍ക്കിനെ പിടിച്ചാല്‍ കിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍ക്ക് ജൂനിയറിന്റെ ഡിജെ മികവു തെളിയിക്കുന്ന വിഡിയോകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാണ്.