ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താത്ത യുപി സര്‍ക്കാറിന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയുടെ വിമര്‍ശനം. മുസഫര്‍ നഗര്‍ കലാപത്തോടനുബന്ധിച്ച് മുസ്ലിം സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ഏഴ് സംഭവങ്ങളിലാണ് ഇരകളുടെ പരാതി പ്രകാരം കേസെടുത്തിട്ടുള്ളത്.
എന്നാല്‍ ഇതില്‍ ഒന്നില്‍പോലും കുറ്റക്കാരെ കണ്ടെത്തിയിട്ടില്ല. 45ലധികം സ്ത്രീകള്‍ കലാപകാരികളഉടെ ബലാത്സംഗത്തിനിരയായിട്ടുണ്ടെങ്കിലും ഏഴു പേര്‍ മാത്രമാണ് മാനഹാനി ഭയക്കാതെ പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടും പോലിസ് ആറു മാസം മുതല്‍ ഒന്നര വര്‍ഷം വരെ ഇത് മൂടിവെക്കുകയായിരുന്നു. പിന്നീടാണ് കേസെടുത്തത്. പരാതിക്കാരുടെ വൈദ്യപരിശോധന ഉള്‍പ്പടെയുള്ളവയും നീട്ടിക്കൊണ്ടുപോയി.
ഇതോടെ തന്നെ നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ബലാത്സംഗത്തിനിരയായ മൂന്നു സ്ത്രീകള്‍ തങ്ങളോട് പറഞ്ഞുവെന്ന് ആംനസ്റ്റി റിപോര്‍ട്ടിലുണ്ട്. കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികള്‍ വൈകിപ്പിക്കുന്നതില്‍ സര്‍ക്കാറിനും പങ്കുണ്ടെന്നാണ് ആംനസ്റ്റി റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിലാണ് സര്‍ക്കാറിനെ കുറ്റപ്പെടുത്തിയുള്ള ആംനസ്റ്റി റിപോര്‍ട്ട് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.