ഒട്ടാവ: കോവിഡ് നിയന്ത്രണങ്ങള്‍ക്കും പ്രതിരോധ വാക്സിന്‍ നിര്‍ബന്ധമാക്കിയതിനുമെതിരേ പ്രക്ഷോഭം കത്തിപ്പടരുന്ന കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1988-ല്‍ പാസാക്കിയ അടിയന്തരാവസ്ഥാ നിയമം ആദ്യമായാണു കാനഡയില്‍ പ്രയോഗിക്കുന്നത്. അടിയന്തരാവസ്ഥ 30 ദിവസത്തേക്കു പ്രാബല്യത്തിലുണ്ടാകും.
യു.എസ്-കാനഡ റൂട്ടില്‍ ട്രക്കോടിക്കുന്ന ഡ്രൈവര്‍മാര്‍ തുടങ്ങിവച്ച സമരം 18-ാം ദിവസത്തേക്കു കടന്നതോടെയാണു സര്‍ക്കാര്‍ കടുത്ത നടപടി പുറത്തെടുത്തത്. ഒട്ടാവയില്‍ നേരത്തേ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയിലേക്കുള്ള പ്രധാന വാണിജ്യപാതകള്‍ ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കര്‍ശന നടപടികളുണ്ടാകും.
സമരക്കാര്‍ക്കു പണമെത്തിക്കാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിങ് ഉപാധികളും ക്രിപ്റ്റോ കറന്‍സി ഉപയോഗവും നിരോധിക്കാന്‍ നടപടിയെടുക്കും. ഫ്രീഡം കോണ്‍വോയ്-2022 എന്നു പേരിട്ട വാഹനറാലിക്കായി പണം സ്വരൂപിക്കുന്നതു തടയാനായി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും അടിയന്തരാവസ്ഥാ നിയമം സര്‍ക്കാരിനു കരുത്താകും.
ട്രക്കര്‍മാരുടെ പ്രതിഷേധം വ്യാപിച്ചത് ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിടോബ, ആല്‍ബെര്‍ട്ട എന്നീ നാലു കനേഡിയന്‍ പ്രവിശ്യകളിലേക്കുമുള്ള ചരക്കുനീക്കത്തെ ബാധിച്ചിരുന്നു. കര്‍ശന നടപടിക്ക് അമേരിക്കയുടെ സമ്മര്‍ദം ശക്തമായതോടെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു ട്രൂഡോ നിര്‍ബന്ധിതനായത്.