കൊച്ചി: സിനിമാക്കാര്‍ക്ക് നല്‍കാനായി 25 സിംകാര്‍ഡുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയും പിന്നീട് സ്ത്രീകള്‍ക്കൊപ്പം നഗ്‌നചിത്രങ്ങളെടുത്ത് വിരട്ടി പത്തുലക്ഷം ചോദിക്കുകയും ചെയ്ത കൊച്ചി ബ്ലാക്ക് മെയിലിങ് കേസില്‍ നാലുപേര്‍ പിടിയിലായി. കൊച്ചിയിലെ ഒരു ഇലക്ട്രോണിക്സ് സ്ഥാപനത്തില്‍ മാനേജരായിരുന്ന കണ്ണൂര്‍ സ്വദേശി അജിത്താണ് ബ്ളാക്മെയിലിംഗിന് ഇരയായത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.
മട്ടാഞ്ചേരി കരുവേലിപ്പടി ഷിബിലി (37), തോപ്പുംപടി രാമേശ്വരം പീടികപ്പറമ്പില്‍ ഡാനി (31), ഉദയംപേരൂര്‍ കൊച്ചുപ്പള്ളിയില്‍ പുതുകുളങ്ങര ശരത് (22), തൃശൂര്‍ ചെറവില്‍പീടികയില്‍ മുസ്തഫ (27) എന്നിവരെയാണ് സിറ്റി ടാസ്‌ക് ഫോഴ്സ് (സി.ടി.എഫ്) അറസ്റ്റു ചെയ്തത്. ഇവര്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നവരാണെന്നും നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ്
മൊബൈല്‍ സിം കാര്‍ഡിന്റെ വിതരണമുള്ള അജിത്തിനോട് സിനിമാക്കാര്‍ക്ക് നല്‍കാന്‍ 25 സിംകാര്‍ഡ് വേണമെന്ന് ആവശ്യപ്പെടുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇതിനായി വൈറ്റിലയിലുള്ള ഫ്ളാറ്റിലേക്ക് അജിത്തിനെ വിളിച്ചുവരുത്തി. വന്നയുടന്‍ കുടിക്കാന്‍ ശീതളപാനീയം നല്‍കി. ഇതോടെ ബോധരഹിതനായ അജിത്ത് പിറ്റേദിവസം പുലര്‍ച്ചെ അഞ്ചു മണിക്കാണ് ഉണര്‍ന്നത്. ഈ സമയം ഷിബിലി, ഡാനി, ശരത്ത്, രണ്ടു സ്ത്രീകള്‍ എന്നിവര്‍ അവിടെയുണ്ടായിരുന്നു. എല്ലാവരും ഉറക്കത്തിലായിരുന്നതിനാല്‍ പന്തികേട് മനസിലാക്കിയ അജിത്ത് രക്ഷപ്പെട്ടു. എന്നാല്‍, പിറ്റേദിവസം ഓഫീസിന് മുന്നിലെത്തിയ ഷിബിലി അജിത്തിനെ ഫോണ്‍ വിളിച്ച് പുറത്തേക്ക് വരാന്‍ നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍ക്കൊപ്പമുള്ള അജിത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ചു.
10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്നും ഭാര്യയ്ക്ക് അയച്ചുനല്‍കുമെന്നും ഭീഷണിപ്പെടുത്തി. തുക ഉടനടി നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ അജിത്തിനെ ബലമായി കാറില്‍ കയറ്റി മണിക്കൂറുകളോളം നഗരത്തിലൂടെ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. അജിത്തിന്റെ സുഹൃത്തുക്കളെ വിളിപ്പിച്ച് ഒരാഴ്ചയ്ക്കകം അഞ്ചു ലക്ഷം രൂപ എത്തിക്കാമെന്ന് സമ്മതിപ്പിച്ചു. തുടര്‍ന്നാണ് കാറില്‍ നിന്നിറക്കി വിട്ടത്.
ഷിബിലിയുടെ ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു. പറഞ്ഞ സമയത്തിന് പണം നല്‍കാന്‍ കഴിയാതായതോടെ അജിത്ത് കുടുംബത്തോടെ ആത്മഹത്യയ്ക്ക് തീരുമാനിച്ചു. ഭാര്യ ഇക്കാര്യം അയല്‍ക്കാരിയോട് പറഞ്ഞു. പറഞ്ഞു. ഇവര്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയായ തോമസിന് വിവരം നല്‍കിയതോടെയാണ് പൊലീസിന്റെ ഇടപെടല്‍ സാധ്യമായത്. തോമസ് ഷാഡോ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് നിര്‍ദ്ദേശപ്രകാരം ഒക്ടോബര്‍ രണ്ടിന് പണം നല്‍കാമെന്നും വീട്ടിലേക്ക് വരണമെന്നും ഷിബിലിയെ അജിത്ത് അറിയിച്ചു. എന്നാല്‍, പണം വാങ്ങാനായി എത്തിയത് ശരത്തായിരുന്നു. അജിത്തിന്റെ വീട്ടിലെ ലൈറ്റുകള്‍ മുഴുവന്‍ ഓഫാണെന്ന് ശരത് വിളിച്ചറിയിച്ചപ്പോള്‍ മടങ്ങാനായിരുന്നു ഷിബിലിയുടെ നിര്‍ദ്ദേശം. ഇതോടെ ആദ്യ തവണ പൊലീസിന്റെ നീക്കങ്ങള്‍ പരാജയപ്പെട്ടു.
സി.ടി.എഫ് രൂപീകൃതമായതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊബൈല്‍ ഫോണ്‍ ഓഫാക്കിയ പ്രതികളെ കണ്ടെത്താനായില്ല. ഈ മാസം ആദ്യം അജിത്തിന്റെ വീട്ടിലെത്തിയ മുസ്തഫ പണം നല്‍കാന്‍ ഒരാഴ്ചകൂടി സമയം അനുവദിച്ചതായി അറിയിച്ചു. പണം നല്‍കാന്‍ സമ്മതിച്ചെങ്കിലും ഉറപ്പിനായി അജിത്തിന്റെ കാറിന്റെ ആര്‍.സി ബുക്ക് വാങ്ങി. വെള്ളിയാഴ്ച പണം നല്‍കാനായി എം.ജി റോഡിലെ എസ്.ബി.ഐയുടെ മുമ്പിലെത്താന്‍ അജിത്ത് ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ഷിബിലിനെയും ഡാനിയെയും ബാങ്കില്‍ കാത്തുനിന്ന സി.ടി.എഫ് പിടികൂടുകയായിരുന്നു. പണം കിട്ടിയതിനാല്‍ കൊടൈക്കനാലിലേക്ക് ടൂറു പോകാമെന്നും വൈറ്റില ഹബ്ബിലേക്ക് എത്തണമെന്നും ഷിബിലി ശരത്തിനെയും മുസതഫയെയും പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം അറിയിച്ചു. അങ്ങനെയാണ് സംഘാംഗങ്ങളെല്ലാം കുടുങ്ങിയത്. തടങ്കലില്‍ പാര്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.