ജമ്മുവില്‍ ഭീകരാക്രമണം:ഒരു പോലീസുകാരനും നാല് പാക് ഭീകരരും കൊല്ലപ്പെട്ടു

ന്യൂദല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസുകാരനും നാല് പാക് ഭീകരരും കൊല്ലപ്പെട്ടു. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.ഹന്ദ് വാരയിലെ നൗഗാം സെക്ടറിലാണ് നുഴഞ്ഞുകയറിയ തീവ്രവാദികളും സൈന്യവുമായി ഏറ്റുമുട്ടിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. രാവിലെ പൂഞ്ചില്‍ നുഴഞ്ഞുകയറിയ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നൗഗാമില്‍ 4 തീവ്രവാദികളെ വധിച്ചത്.

പൂഞ്ച് പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ച് സിഐഡി വിഭാഗം ഹവീല്‍ദാര്‍ രജീന്ദര്‍ കുമാര്‍ ആണ് നുഴഞ്ഞുകയറിയ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. പൂഞ്ച് നഗരത്തിലെ പഴയ ബംഗ്ലാവിലേക്ക് തീവ്രവാദികള്‍ കയറുന്നത് കണ്ട രജീന്ദര്‍ കുമാര്‍ ഇവരെ പിന്തുടര്‍ന്ന് കെട്ടിടത്തിനുളളിലേക്ക് കയറുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. രാവിലെ 7.30 ഓടെയായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെ തീവ്രവാദികള്‍ ഇവര്‍ക്കെതിരേ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചു. ആക്രമണത്തില്‍ എസ്‌ഐ മന്‍സൂര്‍ ഹുസൈന്‍, പ്രദേശവാസിയായ മൊഹമ്മദ് താരീഖ് എന്നിവര്‍ക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്ക് നീങ്ങിയ തീവ്രവാദികള്‍ക്കായി പൊലീസും സുരക്ഷാസേനയും തെരച്ചില്‍ തുടരുകയാണ്.

നാലിടങ്ങളിലായാണ് ഭീകരരുമായി ഏറ്റുമുട്ടല്‍. താംഗ്ധാര്‍, ഗുരസ്, നൗഗാം സെക്ടറുകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരെയാണ് സൈന്യം നേരിട്ടത്. കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരും പോലീസുമായി പൂഞ്ചില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

പണിനടക്കുന്ന കെട്ടിടത്തില്‍ ആയുധമേന്തിയ ഭീകരര്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കെട്ടിടം വളയുകയായിരുന്നു. സൈനിക ക്യാംപിന് അടുത്തായാണ് ഈ കെട്ടിടം. തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ത്തു. ഇതിനിടയിലാണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത്.
നൗഗാം സെക്ടറിലെ നിയന്ത്രണരേഖയ്ക്കടുത്ത് നടന്ന ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്. ആയുധങ്ങളുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം നേരിടുകയായിരുന്നു. ഇവരില്‍ നിന്ന് എ.കെ. 47 തോക്കുകളും നിരവധി സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഭീകരരുടെ നീക്കം സൈന്യം തകര്‍ത്തു. രണ്ട് മാസത്തോളമായി സംഘര്‍ഷം തുടരുന്ന കശ്മീരില്‍ ഈദിന് മുന്‍പ് ഭീകരാക്രമണമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.

പുല്‍വാമയില്‍ സുരക്ഷാ സൈനികര്‍ക്കെതിരെ ഇരുനൂറോളം വിഘടനവാദികള്‍ കല്ലെറിഞ്ഞു. പെല്ലറ്റ് തോക്കും ടിയര്‍ഗ്യാസ് ഷെല്ലും ഉപയോഗിച്ച് സേന തിരിച്ചടിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്നുണ്ടായ റെയ്ഡില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ നഗരങ്ങളില്‍ നിയോഗിച്ചുണ്ട്.

കഴിഞ്ഞയാഴ്ച അക്രമത്തിനിടെ പരിക്കേറ്റ ഒരു യുവാവ് മരിച്ചു. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഈദ് ദിവസവും കര്‍ഫ്യൂവില്‍ ഇളവു നല്‍കില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. നേരത്തെ രണ്ട് തവണ സൈനികവ്യൂഹം ഭീകരര്‍ ആക്രമിക്കുകയും രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുപ്‌വാരയിലുണ്ടായ ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

Top