ബെംഗളൂരുവില്‍ നാല് വയസ്സുകാരിയ്ക്കെതിരെ ലൈംഗികാതിക്രമം

ദില്ലിയില്‍ ഏഴ് വയസ്സുകാരന്‍ സ്കൂളില്‍ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ ബെംഗളൂരുവില്‍ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു. സ്കൂളിലെ സുരക്ഷാ ജീവനക്കാരനാണ് അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ബെംഗളൂരുവിലെ ദസറഹള്ളിയിലാണ് സംഭവം. സംഭവത്തില്‍ സുരക്ഷാ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കന്നഡ മാധ്യമം കന്നഡ പ്രഭയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. ചൊവ്വാഴ്ച വൈകിട്ട് സ്കൂളില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. കുട്ടിയ്ക്ക് സുഖമില്ലെന്ന് മനസ്സിലാക്കിയ രക്ഷിതാക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ലൈംഗിക പീഡ‍നത്തിന് ഇരയായതായി കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് അറിയിച്ചത്. ഇതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സുരക്ഷാ ജീവനക്കാരനായ അങ്കിളാണ് ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി ഡോക്ടര്‍മാരോട് വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്കൂളിലെ അ‍ഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുത്ത പോലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് സ്കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top