ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 43 അംഗ മന്ത്രിസഭയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കം രണ്ട് ഉപമുഖ്യമന്ത്രിമാര്‍; യോഗി മന്ത്രിസഭയുടെ പ്രഥമ പരിഗണന അറവുശാലാ നിരോധനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ്മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. റീത്ത ബഹുഗുണ ജോഷി അടക്കം ആറ് വനിതകളും മന്ത്രിസഭയിലുണ്ട്. 48 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കളും പങ്കെടുക്കും. യു.പിയിലെ 21ആമത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ബി.ജെ.പിയുടെ നാലാമത്തെ മുഖ്യമന്ത്രിയും. 403 അംഗ അസംബ്‌ളിയില്‍ 312 സീറ്റുമായി ബി.ജെ.പി വന്‍വിജയം നേടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ഗീയപരാമര്‍ശങ്ങളാലും തീവ്രഹിന്ദു നിലപാടുകളാലും കുപ്രസിദ്ധിയാര്‍ജിച്ച യോഗി ആദിത്യനാഥിന്റെ പേര് യുപി മുഖ്യമന്ത്രിസ്ഥാനത്തേക്ക് അപ്രതീക്ഷിതമായാണ് ഇന്നലെ വൈകിട്ട് ഉയര്‍ന്നുകേട്ടത്. അഞ്ചുവട്ടം പാര്‍ലമെന്റ് അംഗമായിരുന്ന യോഗി ഖൊരക്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍കൂടിയാണ്. യുപിയില്‍ ലഭിച്ച അപ്രതീക്ഷിത വന്‍വിജയത്തിനു പിന്നാലെ, ജാതിമത പരിഗണനകള്‍ മാറ്റിവച്ച് തീവ്രഹിന്ദുത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് യോഗിയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ലക്‌നോവിലെ 96 ഏക്കര്‍ വരുന്ന സ്മൃതിഉപ്‌വന്‍ മൈതാനിയില്‍ നൂറു പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി തയാറാക്കിയത്. മൊത്തം ഒരു ലക്ഷം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബിജെപിയുടെ സംസ്ഥാന മേധാവി കേശവ് പ്രസാദ് മൗര്യ, ലക്‌നോ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. യുപിയില്‍ ബിജെപിയുടെ അംഗസംഖ്യ ഉയര്‍ത്തുന്നതില്‍ നിര്‍ണായ പങ്കു വഹിച്ച വ്യക്തിയാണ് ദിനേശ് ശര്‍മ. കേശവ് പ്രസാദ് മൗര്യ ആകട്ടെ യുപി മുഖ്യമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നയാളാണ്. എന്നാല്‍ യോഗിയെ മുഖ്യമന്ത്രിയാക്കിയതിലും തന്നെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആക്കിയതിലും തനിക്കു പരിഭവമില്ലെന്ന് മൗര്യ പ്രതികരിച്ചു. യോഗിയും രണ്ടു ഉപമുഖ്യമന്ത്രിമാരും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരല്ല. യോഗി പാര്‍ലമെന്റ് അംഗമാണ്. മൂന്നു പേരും വൈകാതെ തെരഞ്ഞെടുപ്പിനെ നേരിടും.

മുന്‍ ക്രിക്കറ്റ് താരം മൊഹ്‌സിന്‍ റാസ ആണ് മന്ത്രിസഭയിലെ മുസ്ലിം മുഖം. റീത്ത ബഹുഗുണ ജോഷി അടക്കം ആറു വനിതകള്‍ മന്ത്രിസഭയില്‍ അംഗങ്ങളാണ്. മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന സൂര്യ പ്രതാപ് സാഹി, സുരേഷ് ഖന്ന, സ്വാമി പ്രസാദ് മൗര്യ എന്നിവര്‍ക്കും യോഗിയുടെ മന്ത്രിസഭയില്‍ ഇടംലഭിച്ചു. 22 പേര്‍ കാബിനറ്റ് മന്ത്രിമാരാണ്.
എപ്പോഴും കാവിധരിച്ച് മുണ്ഡിതശിരസ്‌കനായ യോഗി ആദിത്യനാഥ് എന്ന 44 വയസുള്ള രാഷ്ട്രീയ പുരോഹിതന്‍ ബിജെപിയുടെ തീവ്രനിലപാടുകാരില്‍ മുഖ്യനാണ്. 1998 ല്‍ 26ാം വയസില്‍ ഖൊരക്പുര്‍ മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റ് അംഗമാകാന്‍ തുടങ്ങിയതാണ് ഇദ്ദേഹം. യോഗി മുഖ്യമന്ത്രിയാകുന്നതിനോട് അനുബന്ധിച്ച് ഖൊരക്പൂരില്‍ വന്‍ ആഘോഷ പരിപാടികള്‍ നടന്നു. തികച്ചും ഉത്സവപ്രതീതിയാണ് ഖൊരക്പൂരിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തന്നെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രധാനമന്ത്രി മോദിയോടാണ് യോഗി ആദിത്യനാഥ് നന്ദി അറിയിച്ചത്. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാന്‍ താന്‍ പരിശ്രമിക്കുമെന്നാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹം പ്രതികരിച്ചത്. സംസ്ഥാനത്ത് അറവുശാലകള്‍ നിരോധിക്കലാകും യോഗി ആദ്യത്യനാഥിന്റെ മന്ത്രിസഭയുടെ പ്രഥമ തീരുമാനമെന്ന് റിപ്പോര്‍ട്ടുണ്ട്.

ബിജെപിയുടെ നിര്‍ണായക ചുവടുമാറ്റത്തിനുകൂടി വേദിയായ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കര്‍, ഉത്തര്‍പ്രദേശിലെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി അഖിലേഷ് യാദവ്, അഖിലേഷിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

സാമുദായിക കലാപം സൃഷ്ടിക്കല്‍, കൊലപാതക ശ്രമം, വര്‍ഗീയവിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തല്‍, ആയുധം കൊണ്ടുനടക്കല്‍ എന്നിവയടക്കം ഒട്ടേറെ കേസില്‍ പ്രതിയായ യോഗി ആദിത്യനാഥിനെ രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ മുഖ്യമന്ത്രിയാക്കുന്നതിലൂടെ തങ്ങളുടെ നയത്തില്‍ സുപ്രധാന ചുവടുമാറ്റം ബിജെപി നടത്തുന്നതായി വിലയിരുത്തപ്പെടുന്നു. യുപി നിയമസഭയിലെ വന്‍ഭൂരിപക്ഷം മറയാക്കി അതിതീവ്രമായ വര്‍ഗീയ നിലപാടുകള്‍ പ്രായോഗികതയില്‍ കൊണ്ടുവരാന്‍ ബിജെപി ഉറപ്പിച്ചതിന്റെ വ്യക്തമായ സൂചനയാണ് ആദിത്യനാഥിന്റെ സ്ഥാനലബ്ധി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ഉറച്ചു വാദിക്കുന്ന നേതാവ് കൂടിയാണ് യോഗി.

രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഇപ്പോള്‍ ഇല്ലെങ്കില്‍ പിന്നെ എന്നാണ് എന്ന ചോദ്യം സംഘപരിവാറുകാര്‍ ഉയര്‍ത്തിക്കഴിഞ്ഞു. രമാജന്മ ഭൂമf പ്രശ്‌നം ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ ജീവിതാഭിലാഷം കൂടിയാണ് ഈ രാമക്ഷേത്രം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്രം നിര്‍മ്മാണം തുടങ്ങിയാല്‍ തന്നെ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി ഇപ്പോള്‍ തന്നെ വിഎച്ച്പി മുറവിളി കൂട്ടിക്കഴിഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കണമെന്നു വിഎച്ച്പി രാജ്യാന്തര ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇനിയും താമസം വരുത്തുന്നതു ഹിന്ദുക്കള്‍ക്ക് അംഗീകരിക്കാനാവില്ല. രാമക്ഷേത്രം രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ചിഹ്നമാണെന്നും 28 മുതല്‍ ഏപ്രില്‍ പത്തുവരെ ജനജാഗരന്‍ നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. വിഎച്ച്പിയുടെ ഈ ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്.

യുപിയുടെ മാതൃകയില്‍ മോദി കേന്ദ്രത്തിലും തീവ്രഹിന്ദുത്വത്തിലേക്ക് നീങ്ങിയേക്കും. ഏകീകൃത സിവില്‍കോഡ് അടക്കമുള്ള വിഷയങ്ങളില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കാനാകും മോദി ഇനി തയ്യാറെടുക്കുക. ഇതോടൊപ്പം വികസനത്തിനായുള്ള പരിഷ്‌ക്കരണങ്ങള്‍ മറുവശത്ത് തുടരുകയും ചെയ്യും. ലോക്‌സഭയില്‍ ഭൂരുപക്ഷം വേണമെങ്കില്‍ ഹിന്ദി ഹൃദയഭൂമിയെ കൈയിലെടുക്കുക എന്നതാണ് മോദിയുടെ തന്ത്രം. ലോക്‌സഭയില്‍ മഹാസഖ്യത്തിനുള്ള സാധ്യതയാണ് കോണ്‍ഗ്രസും മറ്റ് കക്ഷികളും ആലോചിക്കുന്നത്. ഈ നീക്കത്തെ കൂടി പ്രതിരോധിക്കുന്ന വിധത്തിലാണ് മോദിഅമിത്ഷാ കൂട്ടുകെട്ട് തന്ത്രങ്ങള്‍ മെനയുന്നതും.

ഗൊരഖ്പുരില്‍ നിന്നുള്ള ലോക്‌സഭാംഗവും അതിതീവ്ര നിലപാടുകാരനുമായ യോഗി ആദിത്യനാഥ് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഗൊരഖ്പുര്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരിയും ഹിന്ദു യുവവാഹിനി സ്ഥാപക നേതാവുമായ ആദിത്യനാഥിനെ ബിജെപി നിയമസഭാ കക്ഷി യോഗമാണ് നേതാവായി തിരഞ്ഞെടുത്തത്. ആദിത്യനാഥ് അഞ്ചുതവണ ലോക്‌സഭയില്‍ ഗൊരഖ്പുരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Top