ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരുന്ന ദമ്പതികള്‍ക്ക് രണ്ടാമത്തെ പ്രവസത്തില്‍ ലഭിച്ചത് അഞ്ച് കണ്‍മണികളെ. ഗര്‍ഭം ധരിച്ച് 26 ആഴ്ചകള്‍ പൂര്‍ത്തിയായപ്പോഴാണ് മനിതയ്ക്ക് പ്രസവവേദന തുടങ്ങിയത്. രണ്ടുവയസ് തികഞ്ഞപ്പോള്‍ മനിതയുടെ ആദ്യ കുട്ടി മരിച്ച് പോയിരുന്നു. ഛത്തീസ്ഗഡിലെ അംബികാപൂരിലെ സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ വച്ച് രാവിലെ 11 മണിക്കാണ് മനിത ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് നാല് സഹോദരിമാര്‍ ഇവളെ പിന്തുടര്‍ന്നെത്തുകയും ചെയ്തു.
ഒന്നിന് പകരം തങ്ങള്‍ക്ക് അഞ്ച് മക്കളെ തന്ന ദൈവത്തിന് നന്ദി പറയുന്നുവെന്നാണ് മനിതയുടെ ഭര്‍ത്താവായ മനീഷ് പ്രതികരിച്ചിരിക്കുന്നത്. ആദ്യത്തെ മകനെ നഷ്ടപ്പെട്ടപ്പോള്‍ തങ്ങളുടെ ഹൃദയം തകര്‍ന്ന് പോയിരുന്നുവെന്നും എന്നാല്‍ ഇപ്പോഴതിന് ദൈവം നഷ്ടപരിഹാരം നല്‍കിയിരിക്കുകയാണെന്നും മനീഷ് പറയുന്നു. ഈ പെണ്‍കുട്ടികള്‍ ജീവിക്കുമെന്നും അവര്‍ക്ക് താന്‍ നല്ലൊരു ജീവിതമേകാന്‍ തനിക്ക് സാധിക്കുമെന്നുമാണ് മനീഷ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ മനിത ഒരിക്കലും അള്‍ട്രാസൗണ്ടിന് വിധേയയാകാത്തതിനാല്‍ ഗര്‍ഭത്തില്‍ അഞ്ച് കുട്ടികളുണ്ടെന്ന് ഇവര്‍ മുന്‍കൂട്ടിയറിഞ്ഞിരുന്നില്ല. കുട്ടികള്‍ക്ക് ഒന്നരകിലോ വീതമാണ് തൂക്കമുള്ളത്. ഡോക്ടര്‍മാര്‍ ഇവരുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്.
തന്റെ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു കേസ് കൈകാര്യം ചെയ്യുന്നതെന്നാണ് ഡെലിവറിക്ക് നേതൃത്വം നല്‍കിയ ഡോ.തെക്കാം വെളിപ്പെടുത്തുന്നത്. അതായത് നോര്‍മല്‍ പ്രസവത്തിലൂടെ അഞ്ച് കുട്ടികള്‍ ജനിച്ചത് ആദ്യമായാണ് താന്‍ കാണുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍ കുട്ടികള്‍ വളര്‍ച്ചയെത്താതെ പിറന്നതിനാല്‍ അവര്‍ ഇപ്പോഴും സൂക്ഷ്മനിരീക്ഷണത്തിലാണെന്നും ഡോക്ടര്‍ പറയുന്നു.ഇവര്‍ക്ക് ആരോഗ്യമുണ്ടെങ്കിലും അതിജീവിക്കുമോ എന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നും ഡോക്ടര്‍ പറയുന്നു.എന്നാല്‍ കുട്ടികളെ രക്ഷിക്കാനാവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.