തെരഞ്ഞെടുപ്പ് വിദഗ്ധനെ കാണാനില്ലെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫ്‌ലക്‌സ്; പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം ഇനാം

രാഷ്ട്രീയതന്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് രാഷ്ട്രീയക്കാരുടെ അടുപ്പക്കാരനുമാണ് പ്രശാന്ത്. എന്നാല്‍ ഇപ്പോള്‍ പ്രശാന്തിനെ കാണാനില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് വച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷേര്‍ മെനഞ്ഞ തന്ത്രങ്ങള്‍ ഫലം കണ്ടില്ല എന്ന് മാത്രമല്ല വമ്പന്‍ പരാജയം ഏറ്റ് വാങ്ങുകയും ചെയ്തു. ഇതിനെത്തുചര്‍ന്നാണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് വച്ചത്. തെരഞ്ഞെടുപ്പ് വിദഗ്ധനെ നേരില്‍ കാണാന്‍ കിട്ടാത്തതും അണികളുടെ പ്രതിഷേധത്തിന് ഇടയാക്കി. ഇതാണ് ലക്നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍ ഉയരാന്‍ കാരണം.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന സമിതി യോഗം ചേരുമ്പോള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വിദഗ്ധനെ സമ്മേളനത്തില്‍ എത്തിക്കുന്നവര്‍ക്ക് 5 ലക്ഷം ഇനാം നല്‍കാമെന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. ചിത്ര സഹിതമാണ് വലിയ പോസ്റ്റര്‍ സംസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്ത് ഉയര്‍ന്നത്. യുപി തെരഞ്ഞെടുപ്പിനും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനും വേണ്ടിയാണ് പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിഷോറിനെ നിയമിച്ചത്. എന്നാല്‍ യുപിയില്‍ മുന്നേറാന്‍ പോയിട്ട് ഉയര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത വിധമാണ് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മോഡിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചാണ് പ്രശാന്ത് കിഷോര്‍ ജനശ്രദ്ധ നേടിയത്. മോഡിയെ തരംഗമാക്കാനും ജനങ്ങള്‍ക്ക് ഇടയില്‍ വലിയ ചലനം സൃഷ്ടിക്കാനും കഴിഞ്ഞതോടെ പൊളിറ്റിക്കല്‍ സ്ട്രാറ്റജികളുടെ ഒന്നാം നിരക്കാരനായി പ്രശാന്ത്. പിന്നാലെ മോഡിയും അമിത് ഷായുമായി ഉടക്കി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനൊപ്പം ചേര്‍ന്നു. ഇക്കുറി നിതീഷിനെ വിജയത്തിലെത്തിച്ച് മോഡിയേയും ബിജെപിയേയും തോല്‍വിയിലേക്ക് നീക്കാനും നിലെ തൊടാതെ ബിഹാറില്‍ നിന്നോടിക്കാനും ഈ സ്ട്രാറ്റജിസ്റ്റിന് കഴിഞ്ഞു. ഉപകാര സ്മരണയായി നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രശാന്തിന് ക്യാബിനറ്റ റാങ്കുള്ള പൊസിഷന്‍ നല്‍കി. എന്നാല്‍, സര്‍ക്കാര്‍ ഓഫീസില്‍ ഒതുങ്ങി കൂടാന്‍ പ്രശാന്ത് കൂട്ടാക്കിയില്ല.

പകരംവെയ്ക്കാനാളില്ലാത്ത തെരഞ്ഞെടുപ്പ് വിദഗ്ധനായി മാറിയ പ്രശാന്തിനെ പൊന്നുംവിലയ്ക്ക് കോണ്‍ഗ്രസ് സ്വന്തമാക്കി. ലക്ഷ്യമിട്ടത് യുപിയും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പും. എന്നാല്‍ പ്രശാന്തിന്റെ സ്ട്രാറ്റജികളൊന്നും കോണ്‍ഗ്രസിനെ തുണച്ചില്ല. വലിയ കാര്യത്തില്‍ എഴുന്നള്ളിച്ച് കൊണ്ടുവന്നതിന് ശേഷം മൂക്കും കുത്തി വീണതിന്റെ നിരാശയാണ് കോണ്‍ഗ്രസ് ഓഫീസില്‍ ഉയര്‍ന്ന പ്രവര്‍ത്തകരുടെ ബോര്‍ഡ്. കോണ്‍ഗ്രസ് പരാജയശേഷം പ്രശാന്തിനെ പുറത്തേക്ക് കാണാത്തതും പ്രതിഷേധത്തിന് ആക്കം കൂട്ടി.

രണ്ട് പതിറ്റാണ്ടായി യുപി കോണ്‍ഗ്രസിനൊപ്പമുള്ള പലകുറി സെക്രട്ടറിയായ രാജേഷ് സിങായിരുന്നു ശനിയാഴ്ച ഉയര്‍ന്ന പോസ്റ്ററിന് പിന്നില്‍. കിഷോറിനെതിരായ പോസ്റ്റര്‍ ഞായറാഴ്ച തന്നെ നീക്കുകയും സിങിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍. 7 എംഎല്‍എമാര്‍ മാത്രമായി രാജ്യത്തെ ഏറ്റവും അധികം നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്.

Top