ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ബി.ജെ.പി നേതാക്കന്മാരുടെ കുടുംബങ്ങളില്‍ കോടികള്‍ മുടക്കിയുള്ള ആഘോഷങ്ങള്‍ ഒരു മങ്ങലുമില്ലാതെ നടക്കുകയാണ്. സാധാരണക്കാര്‍ വിവാഹാവശ്യങ്ങള്‍ക്കുളള പണം പിന്‍വലിക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ ഊരാക്കുടുക്കുകള്‍ക്കിടയില്‍ കുടുങ്ങുമ്പോള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ ആര്‍ഭാട വിവാഹം കണ്ട് ഞെട്ടുകയാണ് ജനം. നേരത്തെ മറ്റൊരു കേന്ദ്രമന്ത്രിയുടെ മകളുടെ കല്ല്യാണവും ബാംഗ്ലൂരിലെ മുന്‍ ബിജെപി മന്ത്രിയുടെ മകളുടെ കല്ല്യാണവും കോടികള്‍ പൊടിച്ചായിരുന്നു.
ഗഡ്കരിയുടെ ഇളയ മകളായ കേത്കിയുടെ വിവാഹമാണ് അത്യാഡംബര പൂര്‍വ്വം നടത്തുന്നത്. അമേരിക്കയില്‍ ഫേയ്സ്ബുക്കില്‍ ഉദ്യോഗം വഹിക്കുന്ന ആദിത്യയാണ് വരന്‍. പ്രമുഖര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. അതിഥികള്‍ക്ക് വിവാഹത്തിനെത്താനായി 50 വിമാനങ്ങളാണ് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, അമിത് ഷാ, രാജ്നാഥ് സിംഗ്, ഉധവ് താക്കറെ, മുകേഷ് അംബാനി, ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് ഉള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, പ്രമുഖ സിനിമ താരങ്ങള്‍ തുടങ്ങിയവരെല്ലാം വിവാഹത്തില്‍ സംബന്ധിക്കുന്നുണ്ട്. ഇവര്‍ക്ക് വിവാഹ വേദിയിലെത്താനാണ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്.
വിവാഹം നടക്കുന്ന നാഗ്പൂരിലേയ്ക്ക് ഒരു സ്ഥലത്തു നിന്നുംവിമാന ടിക്കറ്റുകളൊന്നും തന്നെ ലഭ്യമല്ല. നോട്ട് നിരോധനത്തില്‍ ജനം വലയുമ്പോള്‍ ഇത്തരം ആഡംബര വിവാഹം നടത്തുന്നതിനെതിരെ പല ഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വിവാഹ ധൂര്‍ത്തിനെ സംഘപരിവാര്‍ എങ്ങനെ ന്യായീകരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.