സ്വന്തം ലേഖകൻ
ന്യൂഡൽഹി: കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും പേടിച്ച് രാജ്യത്തെ 500, 1000 രൂപ നോട്ടുകൾ ഒറ്റരാത്രികൊണ്ടു പിൻവലിച്ചത് ബാധിച്ചത് സാധാരണക്കാരായ ജനങ്ങളെയാണ്. നവംബർ മാസത്തിലെ ശമ്പളം കയ്യിൽ കിട്ടി ദിവസങ്ങൾ മാത്രമായതോടെ പലരുടെയും കൈവശം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് മാത്രമാണ് ഉള്ളത്. നോട്ട് മാറിയെടുക്കാൻ പട്രോൾ പമ്പുകളിലും, ആശുപത്രികളിലും റയിൽവേ സ്റ്റേഷനിലും എന്തിന് വിമാനത്താവളങ്ങളിൽ എത്തുന്നവർക്കു പോലും ഇനിയും സാധിച്ചിട്ടില്ല.
കള്ളപ്പണവുൂം കള്ളനോട്ടും തടയുന്നതിനു വേണ്ടി നവംബർ ഒൻപതു മുതൽ രാജ്യത്ത് 500, 1000 നോട്ടുകൾ പിൻവലിക്കുകയാണെന്നു പ്രധാനമന്ത്രി നവംബർ ഒൻപതിനു മൂന്നു മണിക്കൂർ മുൻപ് മാത്രമാണ് പ്രഖ്യാപിച്ചത്. മികച്ചതും ധീരവുമായ തീരുമാനമെന്നു അവകാശപ്പെടുന്നവർ പോലും ഇത് കണ്ട യഥാർഥത്തിൽ ഞെട്ടി. കള്ളപ്പണമുള്ളവരുടെ പക്കൽ ഒന്നിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ നോട്ട് സാധാരണക്കാരയവരുടെ എല്ലാവരുടെയും പോക്കറ്റിലുണ്ട്. പലരുടെയും പക്കൽ ഒന്നോ രണ്ടോ, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാത്രമാവും ഉള്ളത്. വാർത്ത പുറത്തു വന്നതു മുതൽ ഒരു സ്ഥലത്തും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ എടുക്കാതായി. പകരം നൽകാൻ നൂറിന്റെ നോട്ടുകൾ എടിഎമ്മുകളിൽ നിന്നു ലഭിച്ചതുമില്ല. ഈ പ്രതിസന്ധിയ്ക്കിടെയാണ് ആശ്വാസമായി നോട്ടുകൾ മാറിയെടുക്കാവുന്ന സ്ഥലങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമുണ്ടായിട്ടും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം അടക്കമുള്ള സ്ഥലങ്ങളിൽ ഒരിടത്തു പോലും അഞ്ഞൂറും ആയിരവും മാറി ചില്ലറ നൽകാൻ ആരും തയ്യാറായില്ല. നോട്ട് കൈപ്പറ്റാനാവില്ലെന്നും, ചില്ലറ മാറി നൽകാനാവില്ലെന്നുമായിരുന്നു ഈ കേന്ദ്രങ്ങളിലെല്ലാം അധികൃതരുടെ നിലപാട്.
കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും കുടുക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി യഥാർഥത്തിൽ സാധാരണക്കാരായ ആളുകളെയാണ് വലച്ചത്. രാജ്യത്തെ കള്ളപ്പണക്കാരുടെ നിക്ഷേപങ്ങളിൽ ഏറെയും വിദേശത്തെ ബാങ്കുകളിലാണ്. ഇല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും, സ്വർണത്തിലും നിക്ഷേപിക്കുകയാണ് കള്ളപ്പണക്കാർ ചെയ്യുന്നത്. അതുകൊണ്ടു തന്നെ നോട്ട് കയ്യിൽ സൂക്ഷിക്കുന്നത് കള്ളപ്പണക്കാരായിരിക്കില്ല. ഇത് നേരിടാനാവാതെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ സാധാരണക്കാരുടെ കൈവശമിരിക്കുന്ന നോട്ടുകൾ പിടിച്ചു വാങ്ങാൻ ഒരുങ്ങുന്നത്. അഞ്ഞൂറ് ആയിരം നോട്ടുകൾ പിൻവലിക്കുന്നതോടെ ദുരത്തിലേയ്ക്കു നീങ്ങുന്നത് സാധാരണക്കാരാണെന്ന വാദം ഉയരുന്നത് ഇതുകൊണ്ടു തന്നെയാണ്. കോടികൾ കള്ളപ്പണമായുള്ളവർക്കു ഇത് ഒളിപ്പിക്കുന്നതിനുള്ള മാർഗവും കൃത്യമായി അറിയാം.
ഇപ്പോൾ കേന്ദ്രം പ്രഖ്യാപിച്ച നടപടിയിലൂടെ കുടുങ്ങുന്നത് പത്തും അയ്യായിരവും വിലകുറച്ചു കാട്ടി സ്വത്ത് വിറ്റ് പണം സ്വരുക്കൂട്ടിയവർമാത്രമാവും. കള്ളപ്പണക്കാരെല്ലാം ആദ്യം തന്നെ സ്വന്തം സമ്പാദ്യം സുരക്ഷിതമായ നിക്ഷേപത്തിലേയ്ക്കു മാറ്റിക്കാണുമെന്നു ഉറപ്പ്. തിരഞ്ഞെടുപ്പു കാലത്ത് മോദി വായിട്ടടിച്ച 15000 കോടി അക്കൗണ്ടിൽ എത്തിക്കുമെന്നുള്ളതൊന്നും നടപ്പാകില്ലെന്നു സാരം.