സ്വന്തം ലേഖകൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി വൻ പ്രഖ്യാപനങ്ങളോടെ നടപ്പാക്കിയ നോട്ട് നിരോധനം പാളിയതായി റിപ്പോർട്ട്. അസാധുവാക്കിയ 15.44 ലക്ഷം കോടി രൂപയുടെ നോട്ടിൽ ഇനി തിരിച്ചു വരാനുള്ളത് വെറും 54,000 കോടി രൂപ മാത്രമെന്നാണ് റിപ്പോർട്ടുകൾ സൂചനകൾ. റിസർവ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട പ്രതിവാര സ്ഥിതിവിവര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിരോധിച്ചതിൽ മൂന്നുനാല് ലക്ഷം കോടി രൂപ തിരിച്ചുവരില്ലെന്നും അത്രയും കള്ളനോട്ടും കള്ളപ്പണവുമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം. പുതിയ പ്രതിവാര റിപ്പോർട്ട് പ്രകാരം അസാധുവാക്കിയ 15.44 ലക്ഷം കോടിയിൽ 14.90 ലക്ഷം കോടി തിരിച്ചത്തെി. ഇത് അസാധു നോട്ടിന്റെ 96.5 ശതമാനം വരും.
അസാധുവാക്കിയ നോട്ട് ബാങ്കുകളിൽ ഏൽപിക്കാനുള്ള അവസാന ദിവസമായ ഡിസംബർ 30ന് ഒരു ധനകാര്യ പഠനസ്ഥാപനത്തെ ഉദ്ധരിച്ച് 97 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചത്തെിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് റിസർവ് ബാങ്ക് നിഷേധിച്ചു. യഥാർഥ കണക്ക് ശേഖരിച്ചു വരുന്നേയുള്ളൂ എന്നതിനാൽ ഊഹാപോഹത്തിന് ഇല്ലെന്നായിരുന്നു വിശദീകരണം. തുടർന്ന്, ആർ.ബി.ഐ ഉദ്യോഗസ്ഥരെ കറൻസി ചെസ്റ്റുകൾ പരിശോധിക്കാൻ നിയോഗിക്കുകയായിരുന്നു.
പുതിയ പ്രതിവാര റിപ്പോർട്ട് അനുസരിച്ച് ജനുവരി ആറുവരെ രാജ്യത്ത് വിനിമയത്തിലുള്ള കറൻസി 8.98 ലക്ഷം കോടി രൂപയാണ്. ഇതിൽ 10 മുതൽ 2,000 വരെയുള്ള നോട്ടും അസാധുവാക്കാത്ത 10 മുതൽ 100 വരെയുള്ള നോട്ടും തിരിച്ചത്തൊത്ത അസാധു നോട്ടും ഉൾപ്പെടും. നിരോധിക്കാത്ത 10 മുതൽ 100 വരെയുള്ള കറൻസി (2.51 ലക്ഷം കോടി) അടക്കം 14.27 ലക്ഷം കോടി രൂപയുടെ കറൻസി വിനിമയത്തിലുണ്ടെന്നാണ് നവംബർ 18ലെ റിസർവ് ബാങ്ക് കണക്ക്. ഡിസംബർ ഏഴിന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് നാലുലക്ഷം കോടിയുടെ പുതിയ നോട്ടുകളാണ് വിതരണത്തിന് നൽകിയത്. ഇതിൽ പുതിയ നോട്ടും ചെറിയ മൂല്യമുള്ള നോട്ടും ഉൾപ്പെടും. ഡിസംബർ ഒമ്പതിലെ കണക്കനുസരിച്ച് പഴയതും പുതിയതുമായ ചെറിയ മൂല്യമുള്ള നോട്ടും 6.51 ലക്ഷം കോടിയുടെ 500, 2000 രൂപ നോട്ടും ഉൾപ്പെടെ 9.81 ലക്ഷം കോടി രൂപ പ്രചാരത്തിലുണ്ട്. അതായത്, ഡിസംബർ ഒമ്പതിന് 3.29 ലക്ഷം കോടി രൂപയുടെ അസാധു നോട്ടാണ് തിരിച്ചത്തൊൻ ഉണ്ടായിരുന്നത്. അസാധുവാക്കിയ 15.44 ലക്ഷം കോടിയിൽ 12.14 ലക്ഷം കോടി രൂപയും ആ ദിവസത്തിനകം തിരിച്ചത്തെി. ഡിസംബർ 13ന് ഈ കണക്കാണ് ആർ.ബി.ഐ മാധ്യമങ്ങൾക്ക് നൽകിയത്.
ഡിസംബർ 19ന് വിതരണത്തിന് നൽകിയ പുതിയ നോട്ടിന്റെ കണക്ക് വീണ്ടും ആർ.ബി.ഐ നൽകി. ഇതുപ്രകാരം ചെറിയ മൂല്യമുള്ള പുതിയ നോട്ടുകൾ ഉൾപ്പെടെ 5.93 ലക്ഷം കോടി രൂപയാണ് നൽകിയത്. ഇതോടൊപ്പം, അസാധുവാക്കാത്ത ചെറിയ മൂല്യമുള്ള 2.51 ലക്ഷം കോടി രൂപയുടെ നോട്ടും വിനിമയത്തിലുണ്ട്. രണ്ടും ചേർത്ത് 8.44 ലക്ഷം കോടി. ജനുവരി ആറിന് രാജ്യത്ത് പ്രചാരത്തിലുള്ള 8.98 ലക്ഷം കോടിയിൽനിന്ന് 8.44 ലക്ഷം കോടി കുറക്കുമ്പോൾ തിരിച്ചത്തൊത്തത് 54,000 കോടിയുടെ അസാധു നോട്ടാണ്.