ഹൈദരാബാദ്: ദുരൂഹ സാഹചര്യത്തില്‍ തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. ആന്ധ്രയിലെ കടപ്പ ജില്ലയിലാണ് സംഭവം. ഒന്‍ടിമിട്ട എന്ന പ്രദേശത്തെ തടാകത്തിലാണു ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ടോടെയാണു വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മേഖലയില്‍ രക്തചന്ദനം മുറിച്ചു കടത്തുന്നവര്‍ക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശേഷാചലം വനത്തില്‍ നടത്തിയ തിരച്ചിലില്‍ അഞ്ചു പേരെ പിടികൂടുകയും ചെയ്തു. തമിഴ്‌നാട് സ്വദേശികളാണിവര്‍.
വെടിവയ്പിനെത്തുടര്‍ന്ന് ശേഷിച്ചവര്‍ ചിതറിയോടുകയായിരുന്നു. എന്നാല്‍ തടാകത്തില്‍ കണ്ടെത്തിയ ആരുടെയും ദേഹത്തു മുറിവുകളില്ലെന്നതു സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. അടുത്ത ദിവസങ്ങളില്‍ തങ്ങള്‍ തിരച്ചിലുകളൊന്നും നടത്തിയിരുന്നില്ലെന്ന് കള്ളക്കടത്തുകാര്‍ക്കെതിരെയുള്ള സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കുകയും ചെയ്തു.
മൃതശരീരങ്ങളെല്ലാം 24 മുതല്‍ 48 മണിക്കൂര്‍ വരെ പഴക്കമുള്ളതാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് നാഗി റെഡ്ഡി പറഞ്ഞു. പരസ്പരം ഏറെ അകലെയായാണ് ഇവ കിടന്നിരുന്നത്. ജീര്‍ണിച്ച നിലയിലാണ് എല്ലാ മൃതദേഹങ്ങളും. അതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട് 30-40 വയസ്സു പ്രായമുള്ളവരുടെ മൃതദേഹങ്ങളാണിതെന്നാണു സൂചന.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നും നാഗി പറഞ്ഞു. പൊലീസ് വെടിവയ്പിലല്ല ആറു പേരും കൊല്ലപ്പെട്ടതെന്നും നാഗി പറഞ്ഞു.