ന്യൂഡൽഹി: പാർലമെന്റിലേക്ക് നടത്തുന്ന ‘സൻസദ് ചലോ’ മാർച്ചിൽ 60 ടാക്ടറുകൾ പങ്കെടുക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ. ശൈത്യകാല സമ്മേളനം തുടങ്ങുന്ന ഒക്ടോബർ 29 നാണ് മാർച്ച് നടത്തുക. കേന്ദ്ര സർക്കാറുമായുള്ള സംഭാഷണമാണ് മാർച്ച് കൊണ്ട് ലക്ഷ്യമിടുന്നത്.
കർഷകർ നേരിട്ട് പാർലമെൻറിലേക്ക് പോകും. റോഡ് മാർഗം പാർലമെൻറിലേക്ക് കർഷകരുടെ ടാക്ടറുകൾ മാർച്ച് നടത്തുമെന്നും വാഹന ഗതാഗതം തടസപ്പെടുത്തില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
ചുരുങ്ങിയ താങ്ങുവില സംബന്ധിച്ച കേന്ദ്ര സർക്കാറിൻറെ പ്രതികരണത്തിനായി കർഷകർ കാത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 750 കർഷകർ മരിച്ചെന്നും അതിൻറെ ഉത്തരവാദിത്തം സർക്കാറിനാണെന്നും ടികായത്ത് ചൂണ്ടിക്കാട്ടി. നവംബർ 24ന് ഉത്തരേന്ത്യൻ നേതാവായിരുന്ന ഛോട്ടുറാമിൻറെ ജന്മവാർഷികം ‘കിസാൻ മസ്ദൂർ സംഘർഷ് ദിവസ്’ ആയി ആചരിക്കും.
വിവാദ കാർഷിക നിയമങ്ങൾ പാർലമെൻറ് പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിറകോട്ടുപോകേണ്ടെന്നാണ് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുള്ളത്. 26ന് അതിർത്തിയിലെ സമരവാർഷികവും വിജയിപ്പിക്കാനും കിസാൻ മോർച്ച യോഗം തീരുമാനിച്ചിരുന്നു. കൂടാതെ, കേന്ദ്ര സർക്കാറിന് മുന്നിൽ ആറ് ആവശ്യങ്ങൾ കർഷകർ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.