ടോക്യോ: ജപ്പാനെ വിറപ്പിച്ച് വന്‍ ഭൂകമ്പം. ഫുക്കുഷിമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. സുനാമിയുണ്ടാകുമെന്ന ആശങ്കയില്‍ ഞൊടിയിടയില്‍ ജനങ്ങളെ ഒഴിപ്പിച്ചു. രാവിലെ ആറുമണിയോടെയാണ് ഭൂകമ്പം ഫുക്കുഷിമയെ വിറപ്പിച്ചത്. ഒരുമണിക്കൂറിനകം വലിയ തിരകള്‍ പ്രത്യക്ഷപ്പെടുകയും എട്ടുമണിയോടെ ഫുക്കുഷിമയ്ക്ക് വടക്ക് സെന്‍ഡായ്, മിയാഗി തുടങ്ങിയ തീരങ്ങളില്‍ വലിയ തിരകള്‍ അടിച്ചുകയറുകയും ചെയ്തു.
മിയാഗിയില്‍നിന്നും ഫുക്കുഷിമയില്‍നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ജാപ്പനീസ് മെറ്റീരിയോളജിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. രാജ്യതത്തിന്റെ പസഫിക് തീരത്തുടനീളം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ താമസിക്കാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂകമ്പത്തില്‍ ഒരിക്കല്‍ നടുങ്ങിവിറച്ച ഫുക്കുഷിമയിലാണ് വീണ്ടും വന്‍ ചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 മുതല്‍ 5.4 വരെ രേഖപ്പെടുത്തിയ ഒട്ടേറെ തുടര്‍ചലനങ്ങളും ഇതേത്തുടര്‍ന്നുണ്ടായി.. ഫുക്കുഷിമ ആണവ നിലയത്തിലെ മൂന്നാമത്തെ റിയാക്ടറിന്റെ കൂളിങ് സംവിധാനം ഇതേത്തുടര്‍ന്ന് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെള്ളം ചോര്‍ന്നില്ലെങ്കിലും താപനില ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. രാവിലെ എട്ടരയോടെ കൂളിങ് സംവിധാനം വീണ്ടും പ്രവര്‍ത്തന ക്ഷമമാവുകയും ചെയ്തു.
തുടര്‍ചലനങ്ങള്‍ ടോക്യോവരെ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാവിലെ ഏഴരയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഷിന്‍സോ അബെ, ഭൂകമ്പത്തെക്കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ മാത്രമേ പുറത്തുവിടാവൂ എന്നഭ്യര്‍ഥിച്ചു. വലിയ ഭൂകമ്പമാണ് ഉണ്ടായതെങ്കിലും ആള്‍നാശമോ മറ്റ് നാശനഷ്ടങ്ങളോ ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതാനും പേര്‍ക്ക് പരിക്ക് പറ്റിയെന്ന വിവരങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.