ഗോഡ: ഝാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. നിരവധിപേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. പട്നയില്‍ നിന്നും ദേശീയ ദുരന്ത നിവരാണസേനയുടെ മൂന്നു സംഘവും റാഞ്ചിയില്‍ നിന്നു ഒരു സംഘവും കൂടി സ്ഥലത്തേക്ക് തിരിച്ചു.
ഖനിയില്‍ ഉപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 25000 രൂപയും അനുവദിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രിയാണ് അപകടം ഉണ്ടായത്. എന്നാല്‍, കനത്ത മഞ്ഞിനെ തുടര്‍ന്ന് ഇന്നു രാവിലെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം ഉണ്ടായത്. ഖനിയില്‍ ജോലി നടക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. എത്രപേരാണ് കുടുങ്ങിയതെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്ന് ഗോഡ പൊലീസ് സൂപ്രണ്ട് പറഞ്ഞു.