തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗം താങ്ങാനാകാതെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു; അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹൃദയാഘാതം മൂലവും മരിച്ചു

ചെന്നൈ: ജയലളിതയുടെ മരണ വാര്‍ത്തയില്‍ മനംനൊന്ത് അഞ്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഹൃദയാഘാതം മൂലം മരിച്ചതായും മൂന്നുപേര്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുകള്‍.

ജയലളിതയ്ക്ക് രണ്ടുവര്‍ഷം മുമ്പ് ബാംഗ്ലൂരൂ കോടതി അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയില്‍ശിക്ഷ വിധിച്ചതിനു പിന്നാലെ തൊട്ടടുത്ത ദിവസങ്ങളില്‍ 113 പേര്‍ ഹൃദയാഘാതം മൂലം മരിച്ചതായും 41 പേര്‍ ജീവനൊടുക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമാനമായ സാഹചര്യമോ അതിലും ഭീകരമായ അവസ്ഥയോ ജയയുടെ വിയോഗത്തോടെ ഉണ്ടാവുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനകം തന്നെ എട്ടുപേരുടെ മരണം ജയയുടെ വിയോഗത്തിന്റെ ആഘാതംമൂലം ഉണ്ടായതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സന്യാസിപ്പേട്ട ഗാന്ധിനഗര്‍ കോളനി നീലകണ്ഠന്‍, നെയ്വാസല്‍ തങ്കരാസു, ചാമുണ്ടി, പെരിയ സ്വാമി, പണ്ണമാള്‍ എന്നിവരാണ് മരിച്ചത്. ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറിയാണ് മരിച്ച നീലകണ്ഠന്‍. തങ്കരാസു, ചാമുണ്ടി എന്നിവര്‍ നെയ് വാസല്‍ ഏരിയ കമ്മിറ്റി അംഗങ്ങളാണ്. ദുഃഖം താങ്ങാനാവാതെ വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവര്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജയലളിത രോഗബാധിതയായി സെപ്റ്റംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതുമുതല്‍ അവരുടെ ജീവന്‍ രക്ഷിക്കാനായി നാടൊട്ടുക്കും പ്രാര്‍ത്ഥനകളും പൂജകളുമായി കഴിഞ്ഞുകൂടുകയായിരുന്നു അവരുടെ ആരാധകരും അനുയായികളും. ജയലളിതയുടെ നില മെച്ചപ്പെട്ടുവന്നതോടെ അവരുടെ ജീവന് ആപത്തുണ്ടാകില്ലെന്നും അമ്മ തിരികെയെത്തുമെന്നും പ്രതീക്ഷിച്ചിരുന്നവര്‍ക്കിടയിലേക്കാണ് ഞായറാഴ്ച വൈകീട്ട് പൊടുന്നനെ ജയയുടെ ഹൃദയസ്തംഭന വാര്‍ത്ത എത്തുന്നത് .

ഇതോടെ നിരവധി പേര്‍ തലൈവി ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി പരിസരത്തേക്ക് കുതിച്ചു. ഇന്നലെ വൈകീട്ട് അവരുടെ നില കൂടുതല്‍ വഷളായെന്ന വിവരം പുറത്തുവരികയും ചില ചാനലുകളില്‍ ജയ മരിച്ചതായ വാര്‍ത്ത വരികയും ചെയ്തതോടെ പലരും അക്രമാസക്തരാകുകയും ചെയ്തിരുന്നു. പാതിരാത്രിയോടെ ജയ മരിച്ചുവെന്ന ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നു.

ജയ ജയിലിലായി എന്ന ഷോക്കു പോലും താങ്ങാനാകാത്ത ആരാധകരും അനുയായികളും അവരുടെ എന്നെന്നേയ്ക്കുമായുള്ള വേ്ര്‍പാടിനോട് എത്രത്തോളം വികാരപരമായി പ്രതികരിക്കുമെന്ന ആശങ്കയിലാണ് എഐഎഡിഎംകെ നേതൃത്വം. ഇന്നു വൈകീട്ടാണ് മറീനാ ബീച്ചില്‍ ജയയുടെ മൃതദേഹം സംസ്‌കരിക്കുക. എംജിആറിന്റെ ഭൗതികദേഹം സംസ്‌കരിച്ചതിന് സമീപത്തായാണ് ജയക്കും അന്ത്യവിശ്രമം. ഈ വേളയിലെല്ലാം സംയമനം പാലിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അണികള്‍ക്ക് ചാനലുകളിലൂടെയും മറ്റും നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും ജയയോടുള്ള ആരാധനയില്‍ ജനം എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Top