ഭോപ്പാൽ: മധ്യപ്രദേശ് ഭോപ്പാലിലെ സെൻട്രൽ ജയിലിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപെട്ട 8 സിനി ഭീകരർ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എയിന്ത്‌ഖെഡി ഗ്രാമത്തിൽ വച്ചാണ് സംഭവം. പുലർച്ചെ 3 മണിയോടെ ഡ്യൂട്ടി മാറുന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ കീഴ്പ്പെടുത്തി, രമാ ശങ്കർ എന്ന ഗാർഡിനെ സ്റ്റീൽ പാത്രത്തിന്റെ മൂർച്ചയുള്ള അരികു കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയാണ് 8 പേരും രക്ഷപെട്ടത്. സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള ബി ബ്ലോക്കിൽ നിന്നാണ് ഇവർ രക്ഷപെട്ടത്. ഭീകരാക്രമണ കേസുകളിൽ വരെ ശിക്ഷിക്കപ്പെട്ടവർ കഴിയുന്ന ജയിലിലെ തടവുകാരുടെ രക്ഷപെടൽ സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്.
സെൻട്രൽ ജയിലിലെ ബി ബ്ലോക്കിലായിരുന്നു എട്ടു തടവുകാരെയും പാർപ്പിച്ചിരുന്നത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് ജയിലിന്‍റെ കൂറ്റൻ മതിലിൽ കയറിയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് ഭോപ്പാൽ ഡി.ഐ.ജി രമൺ സിങ് മാധ്യമങ്ങളെ അറിയിച്ചു. ദീപാവലി ആഘോഷത്തിൽ ഭോപ്പാൽ നഗരം മുങ്ങിയ ദിവസമാണ് തടവുകാർ രക്ഷപ്പെടാൻ തെരഞ്ഞെടുത്തത്.
സ്റ്റീൽ പ്ലേറ്റും ഗ്ലാസും കൊണ്ട് കഴുത്തിനേറ്റ മുറിവാണ് ഗാർഡിന്‍റെ മരണത്തിന് കാരണമെന്ന് ഡി.ഐ.ജി പറഞ്ഞു. രക്ഷപ്പെട്ട തടവുകാരെ പിടികൂടാൻ പൊലീസും ജയിൽ അധികൃതരും സംയുക്ത പരിശോധന ആരംഭിച്ചു. തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ അഞ്ച് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
2013ൽ ഏഴു സിമി പ്രവർത്തകർ ജയിൽ ചാടിയിരുന്നു. ഭോപ്പാലിൽ നിന്ന് 280 കിലോമീറ്റർ അകലെ ഖാണ്ഡ് വ ജയിലിലായിരുന്നു സംഭവം. കുളിമുറിയുടെ ഭിത്തി തകർത്തായിരുന്നു ഇത്.ഉത്തർപ്രദേശിലെ അലിഗഡിൽ 1977 ഏപ്രിലിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് സിമി. സിമിയുടെ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.