ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയിൽ തിരക്കേറിയ നഗരത്തിൽ അജ്ഞാതൻ ജനക്കൂട്ടത്തിനിടയിലേക്കു വാൻ ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ‘എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ’ എന്നാക്രോശിച്ച് കൊണ്ട് വാൻ ഡ്രൈവർ പാഞ്ഞെടുത്തെങ്കിലും പോലീസ് കീഴടക്കി.
ഫിഞ്ച് ആൻഡ് യംഗ് സ്ട്രീറ്റിന് സമീപം ഇന്ത്യൻ സമയം രാത്രി 11നാണ് ആക്രമണമുണ്ടായത്. വഴിയാത്രികർക്കിടയിലേക്ക് വാൻ ഓടിച്ചുകയറ്റുകയായിരുന്നു. മനപ്പൂർവം വരുത്തിയ അപകടമാണിതെന്നാണ് റിപ്പോർട്ട്. വാൻഡ്രൈവർ ഒറ്റയ്ക്കാണോ അതോ പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നു പറയാറായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ഭീകരാക്രമണത്തിനുള്ള സാധ്യത തള്ളുന്നില്ലെന്നു ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ടൊറന്‍റോ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.