അറ്റ്‌ലസ് രാമചന്ദ്രനെ പുറത്തിറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്‍ പ്രവാസികള്‍; ഇതിനിടയിലും കോടികളുടെ കടം പെരുകുന്നു; എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ

ദുബായ്: അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ ജീവിതമവസാനിപ്പിക്കാന്‍ പ്രവാസികളും വ്യവസായ പ്രമുഖനും ഇടപെടുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യാവസായ ഗ്രൂപ്പ് പ്രാഥമീകമായി ഇതുവരെ കോടികള്‍ കൊടുത്തുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മകളെയെങ്കിലും ആദ്യം ജയിലില്‍ നിന്നിറക്കി അറ്റ്‌ലസിന്റെ സ്വത്ത് വകകള്‍ വിറ്റ് ബാക്കി കടം തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് അറ്റ്‌ലസിന്റെ സുഹൃത്തുക്കള്‍. എന്നാല്‍ പുതിയ പുതിയ കേസുകള്‍ വരുന്നത് ജയില്‍ ജീവിതം ഇനിയും നീളുമെന്ന ആശങ്കയും വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ സാമ്പത്തീക ഇടപാടുകളും ആരും കൈകാര്യം ചെയ്യാനില്ലാത്ത വിധം താളം തെറ്റിയതോടെ നാട്ടിലെ സ്വത്തുക്കളും ബാങ്ക് ജപതിയിലേക്ക് നീങ്ങിയിരുന്നു.

അതേസമയം രാമചന്ദ്രനെ പുറത്തിറക്കാന്‍ അദ്ദേഹത്തിന്റെ പത്നി ഇന്ദിര രാമചന്ദ്രനും സഹായവുമായി പലരും എത്തിയിട്ടുണ്ട്. നേരത്തെ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ചുളുവിലയ്ക്ക് കൈക്കലാക്കാമെന്ന ദുഷ്ടലാക്കോടെയും ചിലര്‍ എത്തിയിരുന്നു. അറ്റലസ് ഗ്രൂപ്പിന്റെ ബിസിനസില്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ലാത്ത സാധാരണ വീട്ടമ്മ മാത്രമായിരുന്നു ഇന്ദിര. ഭര്‍ത്താവിന് പുറമെ മകളും ജയിലിലായതോടെ ബിസിനസ് ലോകത്തെ കാര്യങ്ങളില്‍ മുന്‍പരിചയമില്ലാത്ത അവര്‍ക്ക് കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടിവന്നു. ഇത് മുതലെടുക്കാനായിരുന്നു ചിലരുടെ ശ്രമം. ഉള്ളതെല്ലാം വിറ്റുപെറുക്കി ഭര്‍ത്താവിനേയും മകളേയും രക്ഷിക്കാമെന്ന് തീരുമാനിച്ചതോടെയാണ് സ്വത്തുക്കള്‍ ചുളുവിലയ്ക്ക് നേടാന്‍ പലരും സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ ആലോചിച്ചപ്പോള്‍ പ്രധാന തടസം അതിലെല്ലാം വായ്പാ കുടിശിഖ വഴി ബാങ്കുകളുടെ അറ്റാച്ച് മെന്റ് ഉണ്ടായിരുന്നു എന്നതായിരുന്നു. അവ ഏറ്റെടുക്കാന്‍ മറ്റുള്ളവര്‍ മടിച്ചു. ഒരു പ്രോപ്പര്‍ട്ടി മാത്രമായി വില്‍പ്പന നടത്താന്‍ സാധിക്കാത്ത വിധം നിയമക്കുരുക്കുണ്ട്. എന്നാല്‍ തനിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ എല്ലാം വിറ്റുപെറുക്കിയായാലും കടങ്ങള്‍ വീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രന്‍. ആരെയും കബളിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹംതന്നെ തുറന്നുപറഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ കേസില്‍ നിന്ന് ഒഴിവായി കിട്ടിയാല്‍ എല്ലാം ശരിയാക്കാമെന്ന ശുഭാപ്തി വിശ്വാസം രാമചന്ദ്രന് നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ ഇതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ദുബായ് അവീറിലെ ജയിലില്‍ ബി 5 സെക്ഷനിലാണ് സാമ്പത്തിക കുറ്റവാളിയായ രാമചന്ദ്രന്റെ ജയില്‍ജീവിതം. പത്രങ്ങള്‍ വായിച്ചും ടിവി കണ്ടുമാണ് കഴിച്ചുകൂട്ടുന്നത്. അറ്റ് ലസ് രാമചന്ദ്രന്റെ കേസ് 40 വര്‍ഷം വരെ ജയില്‍വാസം നീണ്ടുപോകാം എന്നാണ് ഏറ്റവും പുതിയ വിവരം. അവിടെയുള്ളവരില്‍ ഒരു കോടിയുടെ കേസുള്ളയാള്‍ മൂന്ന് മാസത്തില്‍ പുറത്തിറങ്ങുകയും മറ്റുള്ള ചിലര്‍ ഇരുപതും മുപ്പതും കൊല്ലം ജയില്‍ വാസം പൂര്‍ത്തിയാക്കേണ്ടിവരുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള ചര്‍ച്ചകള്‍ കേള്‍ക്കാതിരിക്കാന്‍ രാമചന്ദ്രന്‍ മിക്കവാറും നേരത്ത് സ്വന്തം മുറിയില്‍ കട്ടിലില്‍ പോയിരുന്ന് ടിവി കണ്ടും പത്രം വായിച്ചും സമയം ചെലവഴിക്കുകയാണിപ്പോള്‍.

പ്രമേഹം ഉള്ളതിനാല്‍ പരമാവധി ഭക്ഷണനിയന്ത്രണം പാലിക്കാറുണ്ടെന്നും സാലഡും മിക്കവാറും രാത്രികളില്‍ ചിക്കനും കുബ്ബൂസും , അല്ലെങ്കില്‍ കീമയും റൊട്ടിയും ആണ് കഴിക്കുന്നതെന്നും ഇക്കഴിഞ്ഞ ആഴ്ച ജയിലില്‍ നിന്നും പുറത്തുവന്ന അസ്‌കര്‍ ഭായ് ( റാസിക്ക് ഭായ് ) പറഞ്ഞിരുന്നു. ഇറങ്ങുന്നതിനുമുന്‍പ് ഒരാഴ്ച എന്നും രാവിലെയും വൈകീട്ടും രാമചന്ദ്രേട്ടന്റെ അടുത്തു പോയിരുന്നു കുശലങ്ങള്‍ ചോദിച്ചറിയുമായിരുന്നുവെന്നും ബി 6ല്‍ തടവില്‍ കഴിഞ്ഞിരുന്ന റാസിക്ക് ഭായ് പറഞ്ഞു.
അറ്റ്ലസ് ഗ്രൂപ്പില്‍ നല്ലരീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയിരുന്ന കാലത്ത് ആയിരങ്ങളെ രാമചന്ദ്രന്‍ സഹായിച്ചിട്ടുണ്ട്. മലയാള സിനിമാ രംഗത്തും പ്രമുഖരുള്‍പ്പെടെ നിരവധി പേരുമായി ബന്ധമുണ്ട്. ചില റേഡിയോകളും പത്രങ്ങളും ചാനലുകളുമെല്ലാം തുടക്കത്തില്‍ നിലനിന്നിരുന്നത് അറ്റ്ലസിന്റെ പരസ്യം കൊണ്ടുമാത്രമായിരുന്നു. പക്ഷേ, അവരില്‍നിന്നൊന്നും ആപത്തുകാലത്ത് സഹായമുണ്ടായില്ല.
ദുബായ് അറബികളിലും അദ്ദേഹം ബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ വിട്ടുപോയി. അല്‍ ഐന്‍ ലെ ഒരു അഗ്രികള്‍ച്ചര്‍ കോളേജ് പ്രൊഫസറായിരുന്നു ഇത്രയും സ്ഥാപനങ്ങളുടെ ഏക സ്പോണ്‍സര്‍. ഏകദേശം നാല്‍പ്പതോളം സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നിട്ടും എല്ലാറ്റിനും ഒരു സ്പോണ്‍സര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ . അദ്ദേഹം ആണെങ്കില്‍ ദുബായില്‍ ആരെയും പരിചയമില്ലാത്ത ഒരു സാധാരണക്കാരന്‍ . ഒരു റിസ്‌കും എടുക്കാത്ത പ്രകൃതക്കാരന്‍. അതുകൊണ്ട് അയാളില്‍ നിന്നും സഹായം കിട്ടിയില്ല. രാമചന്ദ്രന്‍ ജയിലില്‍ ആയ സമയത്ത് സ്പോണ്‍സറെ വിളിച്ചപ്പോള്‍ എനിക്കൊന്നും അറിയില്ല എന്നും പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. എല്ലാ മലയാളി കോടീശ്വരന്മാര്‍ക്കും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയാമെങ്കിലും അവരുമായും നല്ലൊരു ബന്ധം സ്ഥാപിക്കുവാന്‍ അദ്ദേഹം മറന്നുപോയത് ഈ ഘട്ടത്തില്‍ വിനയായി. അങ്ങനെ ആപത്തുകാലത്ത് ആര്‍ക്കും

എന്നാല്‍ കടക്കെണിയില്‍പ്പെട്ട് ജയിലിലാവുന്ന ഘട്ടമെത്തിയപ്പോള്‍ പലരും സഹായത്തിന് എത്തിയിരുന്നു. പക്ഷേ, അവരെക്കൊണ്ട് കൂട്ടിയാല്‍ കൂടുന്നതിന് അപ്പുറത്താണ് കാര്യങ്ങളെന്ന് അറിഞ്ഞതോടെ നിസ്സഹായരായി അവര്‍ പിന്മാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സഹായവുമായി പ്രമുഖ ബിസിനസ് ഗ്രൂപ്പ് എത്തിയതോടെ വീണ്ടും പ്രതീക്ഷ കൈവന്നിരിക്കുകയാണ് രാമചന്ദ്രന്റെ മോചന കാര്യത്തില്‍ ഇതോടെ തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാമെന്ന് വ്യക്തമാക്കി നൂറുകണക്കിന് പ്രവാസികളും രംഗത്തെത്തുന്നതായാണ് വിവരം. പലരും ഇക്കാര്യത്തില്‍ ഇന്ദിര രാമചന്ദ്രനെ ഇത്തരത്തില്‍ സാഹായ സന്നദ്ധത അറിയിച്ചുകഴിഞ്ഞു.
അറ്റ്ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെത്തുടര്‍ന്ന് ദുബായിലെ റിഫ, ബര്‍ദുബായ്, നായിഫ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18 ന് മകള്‍ ഡോ. മഞ്ജുവിനെയും 23 ന് രാമചന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 600 ദശലക്ഷം ദിര്‍ഹമാണ് (1100 കോടി രൂപ) ജൂവലറി ഗ്രൂപ്പ് 20 ബാങ്കുകള്‍ക്കായി നല്‍കാനുണ്ടായിരുന്നത്. ബാങ്കുകളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിയമനടപടി നേരിട്ട ഇരുവരും നവംബറില്‍ ജയിലഴിക്കുള്ളിലായി.
ഗള്‍ഫിലെ കേസുകള്‍ക്കു പുറമെ കേരളത്തിലും വായ്പാകുടിശ്ശികയുടെ പേരില്‍ അറ്റ്ലസ് ഗ്രൂപ്പ് നടപടികള്‍ നേരിട്ടുതുടങ്ങുന്നതോടെ ഒരുകാലത്ത് സ്വര്‍ണം, ആശുപത്രി, റിയല്‍എസ്റ്റേറ്റ്, സിനിമ തുടങ്ങി നിരവധി മേഖലകളിലേക്ക് വളര്‍ന്നു പന്തലിച്ച വലിയൊരു ബിസിനസ് സാമ്രാജ്യം ഇല്ലാതാവുകയാണ്. കേരളത്തിലേതിന് പുറമെ ഗള്‍ഫില്‍ അമ്പതിലധികം ഷോറൂമുകളും നിരവധി ആശുപത്രികളും ഉണ്ടായിരുന്ന ഗ്രൂപ്പാണ് അറ്റ്ലസ്. വെശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ച അറ്റ്ലസ് രാമചന്ദ്രന്‍ ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡ്ഡിങ്സ്, 2 ഹരിഹര്‍ നഗര്‍, തത്വമസി, ബോംബേ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന കാപ്ഷനോടെ അദ്ദേഹംതന്നെ സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതും അക്കാലത്ത് വലിയ ചര്‍ച്ചയായി.

Top