സിനിമാ ഡെസ്‌ക്
മുംബൈ: രാം ഗോപാൽ വർമ്മയിൽ നിന്നും ആരാധകർ ഈ ഒരു വാക്ക് പ്രതീക്ഷിച്ചിരിക്കില്ല. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോഡ് സെക്സ് ആൻഡ് ട്രൂത്തിൽ ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന ആ സീനില്ലെന്നാണ് ഇപ്പോൾ രാംഗോപാൽ വർമ്മ പറഞ്ഞിരിക്കുന്നത്.
മിയ മൽക്കോവ എന്ന പോണ് സ്റ്റാറിനെ കേന്ദ്രകഥാപാത്രം കൂടി ആക്കിയപ്പോൾ സിനിമയ്ക്ക് വിവാദങ്ങൾ ഏറി.രാം ഗോപാൽ വർമ്മയുടെ സിനിമ ഗോഡ്, സെക്സ് ആൻഡ് ദ് ട്രൂത്ത് കൂടുതൽ വിമർശനങ്ങൾ ഏറ്റവാങ്ങിയതിന് കാരണം ഷൂട്ടിങ് വേളയിൽ പുറത്തുവന്ന മിയമൾക്കോവയുടെ ചില നഗ്‌ന ചിത്രങ്ങളായിരുന്നു.
എന്നാൽ ആ ചിത്രങ്ങൾ ഗോഡ് സെക്സ് ആൻഡ് ട്രൂത്തിന്റെ ഭാഗമായി എടുത്തതല്ലെന്ന് ഹൈദരാബാദ് പോലീസിനോട് രാംഗോപാൽ വർമ്മ തന്നെ വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങിലായിരുന്ന മിയ മാൽക്കോവയെ കാണാൻ രാംഗോപാൽ വർമ്മ ചെന്നപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് അവ എന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ അത് മറ്റുള്ളവർ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈനായാണ് രാംഗോപാൽ വർമ്മ ഈ സിനിമ സംവിധാനം ചെയ്തത്. അല്ലാതെ ഷൂട്ടിങ് ലൊക്കേഷനിൽ അദ്ദേഹം ഇല്ലായിരുന്നു. അമേരിക്കയിലുള്ളവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നും അമേരിക്കയിലും പോളണ്ടിലും വച്ചായിരുന്നു ചിത്രീകരണം എന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് കാണിച്ച് വനിതാസംഘടനാപ്രവർത്തകർ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് പോലീസ് ആർ.ജി.വിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സിനിമ വിമിയോയിൽ റിലീസ് ചെയ്യുന്നതിന്റെ തലേദിവസമാണ് സംവിധായകനെതിരെ കേസ് എടുത്തത്.
ഇലക്ട്രോണിക് മാധ്യമം വഴിയുള്ള അശ്ലീല പ്രചാരണത്തിന് ഐടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ചോദ്യംചെയ്യലിനുശേഷം രാംഗോപാൽ വർമയുടെ ലാപ്ടോപ് വിശദമായ പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തു. അടുത്തയാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.