ആലുവ: അനാഥത്വത്തിന്‍െറയും ഏകാന്തതയുടെയും കൂട്ടിലേക്ക് ആഹ്ളാദത്തിന്‍െറ ചിറകൊച്ചകളുമായി നന്മയുടെ ഓണത്തുമ്പികളത്തെി. അല്‍ അമീന്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ചുണങ്ങംവേലിയിലെ ഹോം ഫോര്‍ ദ ഏജ്ഡ് ആന്‍ഡ് ഇന്‍ഫേമിലെ അന്തേവാസികള്‍ക്ക് ഓണസമ്മാനവുമായി എത്തിയത്. നന്മയുടെ സ്നേഹക്കോടി എന്ന പേരില്‍ ഇവര്‍ വയോധികര്‍ക്ക് ഓണക്കോടികള്‍ കൈമാറി. ചെറുമക്കളുടെ പ്രായമുള്ള കുട്ടികളുടെ സ്നേഹ സാന്നിദ്ധ്യത്തില്‍ മുത്തച്ഛന്മാരും മുത്തശ്ശിമാരും സങ്കടങ്ങള്‍ മറന്നു. നിരാലംബതയും അവശതകളും അല്‍പനേരം മറന്ന് ഇവര്‍ ഓണ അനുഭവങ്ങള്‍ പുതുതലമുറയോട് പങ്കുവെച്ചു. കഥകളും പാട്ടുകളും ഒത്തുചേര്‍ന്നതോടെ വിദ്യാര്‍ഥികളുടെ ന്യൂജെന്‍ ഓണം വൈവിധ്യമായി. അല്‍ അമീന്‍ കോളജ് കമ്യൂണിറ്റി എക്സ്റ്റന്‍ഷന്‍െറ ഭാഗമായി എന്‍.എസ്.എസിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിപാടിയാണ് ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്ക് വേദിയായത്.
1927 ല്‍ സ്ഥാപിച്ച അഭയകേന്ദ്രത്തില്‍ നൂറുപേര്‍ സ്ഥിരം അന്തേവാസികളായുണ്ട്. അതില്‍ 30 പുരുഷന്മാരും 70 സ്ത്രീകളുമുണ്ട്. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും സ്വമനസ്സാലേ കടന്നുവന്നവരുമുണ്ട്. മറ്റു ചിലര്‍ക്ക് വീടോ മക്കളോ ഇല്ല. ഗ്രേസിയുടെ നേതൃത്വത്തിലുള്ള അഞ്ചോളം സിസ്റ്റര്‍മാരാണ് ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നത്. കോളജില്‍ ഓണാഘോഷം ലളിതമായി സംഘടിപ്പിച്ചും, ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കിയും മിച്ചംപിടിച്ച തുകകൊണ്ടാണ് വിദ്യാര്‍ഥികള്‍ ഇവര്‍ക്കാവശ്യമായ ഓണക്കോടികള്‍ നല്‍കി മാതൃകയായത്. വിദ്യാര്‍ഥികളുടെ സദുദ്ദേശ്യത്തില്‍ അധ്യാപകരും ഭാഗഭാക്കായി.
ഇന്‍ഫേം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് അല്‍അമീന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനിതാ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ ഷാനിബ എം.എച്ച്, അബ്ദുസ്സലാം എന്നിവര്‍ നേതൃത്വം നല്‍കി. പ്രഫസര്‍മാരായ എം.ബി ശശിധരന്‍, ഡോ. സിനി കുര്യന്‍, പി.എം അബ്ദുല്‍ ഹക്കീം എന്നിവര്‍ പങ്കെടുത്തു.