ന്യൂഡല്‍ഹി : വന്‍ ഭൂചനത്തിന് സാധ്യതയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ബംഗ്ലദേശിനും ഇന്ത്യയ്ക്കുമിടയില്‍ വന്‍ ഭൂചലനമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭൗമപാളികള്‍ സാവധാനം കൂട്ടിമുട്ടുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. ഭൗമഫലകങ്ങളുടെ വശങ്ങളിലേക്കും താഴേയ്ക്കുമുള്ള ചലനമുണ്ടാകുന്ന മേഖലകളിലാണ് ഭൂചലനത്തിന്റെ സാധ്യത വര്‍ധിക്കുന്നത്.
ബംഗ്ലാദേശ് ഭൂനിരപ്പിനു താഴെ രൂപം കൊള്ളുന്ന ഭൂചലത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ കിഴക്കന്‍ മേഖലകളെ നശിപ്പിക്കുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. 2004 ല്‍ 2,30,000 പേരുടെ മരണത്തിനിടയാക്കിയ സുനാമിയും 2011 ലെ തോഹോകു ഭൂചലനവും ഫുകുഷിമ ആണവനിലയത്തെ ബാധിച്ച ജപ്പാന്‍ സുനാമിയുമെല്ലാം ഇത്തരത്തില്‍ ഭൗമപാളികള്‍ തമ്മില്‍ കൂട്ടിമുട്ടിയതിന്റെ ഫലമായിരുന്നു. അതിര്‍ത്തിയിലുണ്ടാകുന്ന പിളര്‍പ്പുകളും പ്രകമ്പനങ്ങളും 14 കോടിയോളം പേരെ നേരിട്ട് ബാധിക്കും. നാശനഷ്ടങ്ങള്‍ മാത്രമല്ല, നദികള്‍ ഗതിമാറി ഒഴുകുമെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
2015ല്‍ 9,000 പേരുടെ മരണത്തിനിടയാക്കിയ നേപ്പാള്‍ ഭൂചലനത്തെ തുടര്‍ന്ന് ഹിമാലയം ഉത്തരഭാഗത്തേക്ക് തെന്നി നീങ്ങിയതിനു കാരണവും ഇതായിരുന്നു. ഇന്ത്യയിലും ബംഗ്ലദേശിലുമുണ്ടാകുന്ന ഭൂചലനത്തിന്റെ തീവ്രത കുറയുന്നതിനു കാരണം ബ്രഹ്മപുത്രയിലേയും ഗംഗയിലേയും ഡെല്‍റ്റകളാണെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
സബ്ഡക്ഷന്‍ സോണുകളധികവും സമുദ്രാടിത്തട്ടിലാണെന്നതാണ് ഭീഷണി വര്‍ധിപ്പിക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മര്‍ദ്ദം 400 വര്‍ഷമായി രൂപപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. വര്‍ഷങ്ങളായുള്ള മര്‍ദ്ദം പുറത്തേക്കു വരുന്നത് വലിയ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് കൊളംബിയ സര്‍വകലാശാലയിലെ ജിയോഫിസിസ്റ്റ് മൈക്കല്‍ സ്‌റ്റെക്ലര്‍ പറഞ്ഞു. മര്‍ദ്ദത്തിന്റെ ഫലമായുണ്ടാകുന്ന ഭൂചലനത്തിന് 8.2 ,9 തീവ്രതയാകും ഉണ്ടാകുക. ഇന്ത്യയും ഇന്ത്യന്‍ മഹാസമുദ്രവുമുള്‍പ്പെടുന്ന ടെക്ടോണിക് പ്ലേറ്റ് വടക്കുകിഴക്കന്‍ ഭാഗംവഴി ഏഷ്യയിലേക്ക് ചലിക്കുന്ന പ്രവണത നൂറ്റാണ്ടുകളായി കാണുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.