ന്യൂഡല്‍ഹി: ദേവികുളം എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. രാജയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. എ രാജ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ.
പക്ഷേ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. നിയമസഭ അലവൻസും പ്രതിഫലവും വാങ്ങാനും അവകാശം ഉണ്ടായിരിക്കില്ല. കേസ് ഇനി ജൂലൈയിൽ പരിഗണിക്കുന്നത് വരെയാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്.വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്‍റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.
അതല്ലെങ്കില്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നാണ് എ രാജയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. സംവരണ സീറ്റായ ദേവികുളം നിയോജക മണ്ഡലത്തില്‍ വിജയിച്ച അഡ്വക്കേറ്റ് എ രാജ സംഭരണത്തിന് അര്‍ഹനല്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് ഇറക്കിയത്.
ഇതിനെതിരെയാണ് രാജാ സുപ്രീംകോടതിയെ സമീപിച്ചത്. ഡി കുമാറും സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരുന്നു.1950 നു മുമ്പ് സംസ്ഥാനത്തെത്തിയവര്‍ക്ക് സംഭരണത്തിന് അവകാശമുണ്ടെന്ന് ഇരിക്കെ 50ന് മുമ്പ് തന്റെ കുടുംബം മൂന്നാറില്‍ എത്തിയതിന് വ്യക്തമായ രേഖകള്‍ ഉണ്ടായിട്ടും സ്വന്തമായി ഭൂമിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്തതെന്നാണ് രാജയുടെ വാദം.