വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിച്ച, വ്യത്യസ്ത പ്രമേയവുമായി എത്തുന്ന സിനിമയാണ് ആഭാസം. എന്നാല്‍ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സെന്‍സര്‍ബോര്‍ഡ് തീരുമാനം. അതിന് കാരണമായത് സിനിമയിലെ സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച ഒരു രംഗവും.
ചിത്രത്തിലെ ഒരു സീനില്‍ സുരാജിന്റെ കഥാപാത്രം മൈല്‍ക്കുറ്റിയില്‍ കാല്‍ കയറ്റി വയ്ക്കുന്ന ഒരു രംഗമുണ്ട്. ഈ സീനില്‍ സുരാജിന്റെ തുട കാണുന്നുവെന്നും സ്ത്രീ വിരുദ്ധമായ കാര്യങ്ങളാണ് സീനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞതെന്ന് അണിയറക്കാര്‍ പറയുന്നു.
എന്നാല്‍ പേര് മാത്രം കണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്കിയാല്‍ സിനിമ കാണാന്‍ ആളെ കിട്ടില്ലെന്ന് വിഷമത്തിലാണ് സംവിധായകരും നിര്‍മാതാക്കളും. വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗമായ റിമ കല്ലിംഗലാണ് ചിത്രത്തിലെ നായികയെന്നതും യാദൃശ്ചികതയായി. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച എത്രയോ ചിത്രങ്ങള്‍ തുട കാണിച്ചതിന്റെ പേരില്‍ എ പടമായി മാറുമായിരുന്നെന്നും ഇതെല്ലാം സിനിമയെ നശിപ്പിക്കുന്ന പ്രവണതയാണെന്നും സംസാരമുണ്ട്.
സെന്‍സര്‍ ബോര്‍ഡിന്റേത് തീരുമാനിച്ചുറപ്പിച്ച നയമാണ് എന്ന് സംശയിക്കുന്നതായി സംവിധായകന്‍ ജുബിത് പറയുന്നു. സ്വാഭാവികമായി സെന്‍സര്‍ബോര്‍ഡിനെ സിനിമയുമായി സമീപിക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കു ന്നത് പടം കണ്ടുകഴിഞ്ഞ ശേഷം അവര്‍ അഭിപ്രായ ഭിന്നതയുള്ളതും തിരുത്തേണ്ടതുമായ കാര്യങ്ങള്‍ അവതരിപ്പിക്കും എന്നാണ്. ഈ പടം കണ്ടുകഴിഞ്ഞപ്പോള്‍ അവര്‍ മുറിച്ചുകളയേണ്ട പത്തിന് മുകളില്‍ സംഭാഷണങ്ങള്‍ പറയുകയും അത് ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് തരാം എന്ന് അറിയിക്കുകയുമാണ് ചെയ്തത്-ജുബിത് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.
ഒരു ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ഒന്നും പ്രതീക്ഷിക്കാതെ തന്നെയാണ് സെന്‍സര്‍ബോര്‍ഡിനെ സമീപിക്കുന്നത് എന്ന് ജുബിത് പറയുന്നു. ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു പ്രതീക്ഷിച്ചത്. ”പടത്തിന്റെ പേരും മറ്റ് മുന്‍വിധികളും ഇല്ലാതെ സിമ്പിളായി കാണുകയാണ് എങ്കില്‍ മലയാളം സിനിമയിലുള്ള പകുതി വൃത്തികേടുകളും ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഒന്നുമില്ലാത്ത സിനിമയാണ് ആഭാസം.” അത്തരത്തിലെത്ര സിനിമകള്‍ക്ക് ‘യു/എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട് എന്നാണ് ജുബിത് ചോദിക്കുന്നത്.