ആലപ്പുഴ: ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പേര്, ജനനത്തീയതി, ലിംഗം എന്നിവ തിരുത്തുന്നതിനാണ് ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനനത്തീയതിയും ലിംഗവും ഒരുതവണയും പേരുകള്‍ രണ്ടുതവണയും മാത്രമേ ഇനി തിരുത്താന്‍ അനുവദിക്കൂ. ജനനത്തീയതി തിരുത്തുന്നതിനാണ് കടുത്ത നിയന്ത്രണം. നിലവില്‍ ആധാറിലുള്ളതിനെക്കാള്‍ ഒരു വയസ്സിലധികം കുറയ്ക്കാനോ കൂട്ടാനോ അനുവദിക്കില്ല. ആധാര്‍ അതോറിറ്റി നിഷ്‌കര്‍ഷിച്ചതിനെക്കാള്‍ കൂടുതല്‍ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ അതോറിറ്റിയുടെ മേഖലാ ഓഫീസിലെത്തണം. കേരളത്തിലുള്ളവര്‍ ബെംഗളൂരുവിലെ മേഖലാ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.
തിരുത്തലുകള്‍ സാധൂകരിക്കുന്നതിനുള്ള തെളിവുകളും ഹാജരാക്കണം. സംശയ സാഹചര്യങ്ങളില്‍ അപേക്ഷകന്റെ പ്രദേശത്തും സര്‍ക്കാര്‍ ഓഫീസുകളിലും അധികൃതര്‍ നേരിട്ടെത്തി പരിശോധിക്കും. തുടര്‍ന്നുമാത്രമേ മാറ്റം വരുത്താന്‍ അനുമതിനല്‍കൂ. നിലവില്‍ അക്ഷയകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആധാര്‍ സേവന കേന്ദ്രങ്ങളിലെത്തി തിരുത്തല്‍ വരുത്താമായിരുന്നു. ഇനിയുള്ള തിരുത്തലുകള്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആധാര്‍ അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.