ന്യൂഡല്‍ഹി : സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ആധാര്‍ ബില്‍-2016 ലോക്‌സഭ പാസാക്കി. രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ലാത്തവിധം ധനബില്ലായാണ് ഇതു പാസാക്കിയത്.പ്രതിപക്ഷത്തിന്റെ പ്രതിഷേധം സര്‍ക്കാര്‍ അവഗണിച്ചു. ധനബില്ലായതിനാല്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാമെന്നല്ലാതെ ഭേദഗതികള്‍ വരുത്താന്‍ കഴിയില്ല. ബില്ല് രാജ്യസഭയില്‍വച്ച് 14 ദിവസത്തിനുള്ളില്‍ ചര്‍ച്ച നടന്നില്ലെങ്കില്‍ രാജ്യസഭയില്‍ പാസായതായി കണക്കാക്കും.
ആധാര്‍ കാര്‍ഡിനായി ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നു ബില്ലവതരിപ്പിച്ച ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ഉറപ്പുനല്‍കി. ബില്ല് ധൃതിപിടിച്ച് പാസാക്കരുതെന്നും സൂക്ഷ്‌മ വിലയിരുത്തലിനായി സ്‌റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.ബില്ല് നിയമമായതോടെ സാമ്പത്തിക ആനുകൂല്യങ്ങളും സബ്‌സിഡികളും ഉപഭോക്‌താവിന് നേരിട്ടെത്തിക്കാന്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കപ്പെടും. വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് രണ്ടുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്നു ബില്ലില്‍ പറയുന്നു.
അതേ സമയം, ദേശ സുരക്ഷയുമായി ബധപ്പെട്ടതെന്ന് അധികാരികള്‍ക്ക് തോന്നുന്ന സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്‌ഥര്‍ക്ക് ആധാര്‍ കാര്‍ഡുടമയുടെ ചിത്രം, വിലാസം, വിരലടയാളമടക്കമുള്ള ബടോമെട്രിക്ക് വിശദാംശങ്ങള്‍ എന്നിവ ആധാര്‍ അഥോറിറ്റിയോട് ആവശ്യപ്പെടാം.
ബില്ല് പാര്‍ലമെന്റിന്റെ സ്‌റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടുക, ആധാറിലെ വിവരങ്ങള്‍ പരസ്യമാകുന്നത് തടയുക, ബില്ല് നിലവില്‍ രാജ്യസഭയുടെ പരിഗണനയിലാണ്, ഇതുസംബന്ധിച്ച സുപ്രിംകോടതിയില്‍ കേസുണ്ട് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആധാര്‍ ബില്ലിനെ എതിര്‍ത്തത്. യു.പി.എ. സര്‍ക്കാരാണ് 2010ല്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ആദ്യമായി പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചത്.
വിവിധതരം ആനുകൂല്യങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയാണ് ഇപ്പോഴത്തെ ബില്ലിന്റെ കേന്ദ്രബിന്ദുവെന്നും വെറും വിവരശേഖരണമല്ലെന്നും ജയ്‌റ്റ്‌ലി പറഞ്ഞു. രാജ്യത്ത് 97 ശതമാനം മുതിര്‍ന്നവര്‍ക്കും ആധാര്‍ കാര്‍ഡുണ്ട്.
കുട്ടികളില്‍ 67 ശതമാനവും രജിസ്‌റ്റര്‍ ചെയ്യപ്പെട്ടു. ഓരോ ദിവസവും ശരാശരി 5- 7 ലക്ഷംപേര്‍ പുതുതായി ആധാര്‍ കാര്‍ഡ് രജിസ്‌റ്റര്‍ ചെയ്യുന്നുണ്ടെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.
ഇപ്പോഴത്തെ ആധാര്‍ ബില്ല് ധനബില്ലായി അവതരിപ്പിച്ചത് സര്‍ക്കാരിന് മേല്‍ക്കൈയില്ലാത്ത രാജ്യസഭയില്‍ ബില്ലിന് എതിര്‍പ്പ് നേരിടുമെന്ന ഭയംമൂലമാണെന്നു സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.