
ന്യൂഡല്‍ഹി: ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അവസാനതീയതി 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്കാണ് ഈ ഇളവ്. ഇവര്‍ക്ക് ആധാറില്‍ പേരുചേര്‍ക്കുന്നതുവരെ മറ്റ് തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കും. ആധാറുമായി ബന്ധിപ്പിക്കാത്തതിന് റേഷൻ നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി ഭരിക്കുന്ന ഝാർഖണ്ഡിൽ പെൺകുട്ടി മരിച്ചത് വലിയ വിവാദമായതിനിടയിലാണ് കേന്ദ്രത്തിെൻറ നിലപാട് മാറ്റം.
നേരത്തേ ഡിസംബർ 31 വരെയായിരുന്നു ആധാറുമായി വിവിധ സർക്കാർ പദ്ധതികൾ ബന്ധിപ്പിക്കാൻ സമയം നിശ്ചയിച്ചിരുന്നതെന്ന് കേന്ദ്ര സർക്കാറിനു േവണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. ഇത് 2018 മാർച്ച് 31 വരെ നീട്ടാനാണ് സർക്കാർ തീരുമാനമെന്ന് വേണുഗോപാൽ തുടർന്നു.
അതേസമയം, സർക്കാർ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നതിനെ, ആധാറിനെതിരെ ഹരജി നൽകിയവർക്കു വേണ്ടി ഹാജരായ ശ്യാം ദിവാൻ, അരവിന്ദ് ദത്തർ, വൃന്ദാ ഗ്രോവർ എന്നീ മുതിർന്ന അഭിഭാഷകർ എതിർത്തു. ആധാറിനെതിരെയുള്ള പ്രധാന കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കേ കേന്ദ്ര സർക്കാർ എങ്ങനെയാണ് എല്ലാ പദ്ധതികൾക്കും ഇത് നിർബന്ധമാക്കുന്നതെന്ന് ശ്യാം ദിവാൻ ചോദിച്ചു.
ആധാറിനെ മൊബൈലുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കാത്തവർക്ക് എതിരെ നടപടിയൊന്നും എടുക്കില്ലെന്ന് സർക്കാർ ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്നും ദിവാൻ തുടർന്നു. അതിനാൽ, കേസിെൻറ അന്തിമവാദമാണ് ആവശ്യം. ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് എതിരെ നടപടിയില്ലെന്ന് സർക്കാർ കോടതിക്ക് രേഖാമൂലം ഉറപ്പുനൽകണമെന്നും ദിവാൻ ആവശ്യപ്പെട്ടു. ചില കാര്യങ്ങളിൽ സർക്കാറിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കേണ്ടതിനാൽ കേസ് മാറ്റിവെക്കണമെന്ന് എ.ജി അഭ്യർഥിച്ചതിനെ തുടർന്ന് ബെഞ്ച് ആധാർ കേസ് തിങ്കളാഴ്ചത്തേക്ക് നീട്ടിവെച്ചു.