വിവാഹ സര്‍ട്ടിഫിക്കറ്റും ഉടൻ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി. ആധാര്‍ കാര്‍ഡ‍് വിവാഹ സര്‍ട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കുന്നതിലൂടെ വിവാഹത്തട്ടിപ്പ് തടയാന്‍ കഴിയുമെന്നാണ് നിയമ കമ്മീഷന്റെ നിരീക്ഷിണം. കൂടാതെ വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
വിവാഹം, ജനനം, മരണം എന്നിവയുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച പഠനം നടത്തിയ ബി.എസ്. ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയുടേതായിരുന്നു ശുപാര്‍ശ. അനുവദിച്ച സമയത്തിനുള്ളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് വൈകുന്ന ഓരോ ദിവസത്തിനും അഞ്ച് രൂപ വീതം പിഴ ഈടാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹ രജിസ്ട്രേഷന് മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഇളവുണ്ടായിരിക്കുമെന്നും നിയമ കമ്മീഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശയില്‍ ചൂണ്ടിക്കാണിക്കുന്നു.