
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ മുന്നണിയിലും സര്‍ക്കാരിലും അമര്‍ഷം പുകയുമ്പോള്‍ പരസ്യ വിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്ത്. സംസ്ഥാനത്തെ പൊലീസിന്റെ നടപടികളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. പാര്‍ട്ടി പറയുന്നത് നടപ്പാക്കലാണ് പിണറായിയുടെ ജോലിയെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ നേര്‍ക്കുനേര്‍ പരിപാടിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പറയുന്നത് മുഴുവന്‍ പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും വ്യതിചലിക്കുന്ന നിലപാട് ഉണ്ടായാല്‍ മുഖ്യമന്ത്രിക്കെതിരായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതാണ് പാര്‍ട്ടിയുടെ നയം, അത് പിണറായി വിജയന്റെ കൂടി നയമാണ്. അദ്ദേഹം മുഖ്യമന്ത്രിയായി പാര്‍ട്ടി കല്‍പ്പിച്ചിരിക്കുന്ന ജോലി ചെയ്യാനാണ് ഇരിക്കുന്നത്. അല്ലാതെ അദ്ദേഹം പറയുന്നത് മുഴുവന്‍ പാര്‍ട്ടി ഏറ്റെടുക്കലല്ല. പാര്‍ട്ടി പറയുന്നതനുസ രിച്ചുള്ള നിലപാട് അനുസരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അതുകൊണ്ട് പാര്‍ട്ടിയുടെ നിലപാട് അദ്ദേഹം ഗവണ്‍മെന്റില്‍ നടപ്പാക്കും. അതില്‍ നിന്ന് വ്യതിചലിക്കുന്ന നിലപാട് ഉണ്ടായാല്‍ നടപടി സ്വീകരിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ പല നിലപാടുകളോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്. കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനത്തെ അപമാനിച്ച ബിജെപിക്കാര്‍ക്കെതിരെ ബെഹ്‌റ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി.എസ് അച്യുതാനന്ദന്‍, എം.എ ബേബി എന്നിവര്‍ നേരത്തെ പൊലീസ് നടപടിയെ വിമര്‍ശിച്ചും പാര്‍ട്ടിനയം പരോക്ഷമായി പിണറായിയെ ഓര്‍മ്മിപ്പിച്ചും രംഗത്തെത്തിയിരുന്നു. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന അറസ്റ്റിലും, യുഎപിഎ ചുമത്തുന്നതിലും, പൊലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കും എതിരെയായിരുന്നു ഇവര്‍ ആഭ്യന്തരവകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ആനത്തലവട്ടം ആനന്ദന്‍ കൂടി മുഖ്യമന്ത്രിക്കെതിരായ നിലപാട് വ്യക്തമാക്കി യിരിക്കുകയാണ്.
ഭരണത്തിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെ തിരെ സിപിഐഎമ്മിനകത്തും പുറത്തും ഇതോടെ കര്‍ശന വിമര്‍ശനങ്ങളാണ് ഉയരുന്നത്. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ തുടര്‍ന്ന് ആദ്യം തന്നെ ഭരണകകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. പോലീസ് ഭരണത്തിനെതിരെ പാര്‍ട്ടിയിലുണ്ടായ അസ്വസ്തത പിണറായി വിജയനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.