അഭിമന്യുവിന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കൊച്ചി: അഭിമന്യു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിനാണ് പുതിയ ചുമതല. സെന്‍ട്രല്‍ സിഐ അനന്തലാല്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തും.

അതിനിടെ, പ്രധാന പ്രതികള്‍ സംസ്ഥാനം കടന്നതായി പൊലീസിന് സൂചന ലഭിച്ചു. ആറ് പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.  ബംഗളുരു, കൊടക് മൈസൂര്‍ എന്നിവിടങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മു‍ഴുവന്‍ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യപ്രതി മുഹമ്മദിന്‍റെ കുടുംബം ചേര്‍ത്തലയിലെ വീടുപൂട്ടി ഒളിവിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അഭിമന്യുവിന്റെ കൊലപാതകക്കേസിലെ പ്രതികളുടെമേല്‍ യു.എ.പി.എ. ചുമത്താന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിക്കൊരുങ്ങുന്നതെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ സൂചന നല്‍കി. ഒരു ഏറ്റുമുട്ടലിന്റെയോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെയോ ഭാഗമല്ലാതെ നടന്ന കൊല, ഒരു സംഘടന മുന്‍കൂട്ടി എടുത്ത തീരുമാനത്തിന്റെ ഫലമാണെന്ന നിഗമനത്തിലാണ് പൊലീസ്.

മഹാരാജാസ് കോളേജ് സംഭവം കൊലക്കുറ്റത്തിനപ്പുറം ഭീകരപ്രവര്‍ത്തനമാണെന്ന് സര്‍ക്കാരും പൊലീസും കരുതുന്നു. തുടര്‍നടപടികളുടെ കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവും വേണ്ട എന്ന നിര്‍ദേശമാണ് ആഭ്യന്തര വകുപ്പില്‍നിന്ന് പൊലീസിനു ലഭിച്ചിട്ടുള്ളത്.

അഭിമന്യുവിനെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ധരിപ്പിച്ചതായാണ് സൂചന. തിടുക്കത്തിലുള്ള ശക്തമായ പൊലീസ് നടപടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ തീരുമാനവുമുണ്ട്. കൃത്യമായ ഗൂഢാലോചനയ്ക്കുശേഷം കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഭിമന്യുവിനെ ആക്രമിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവി നേരിട്ട് കൊച്ചിയിലെത്തി പ്രതികളെ ചോദ്യം ചെയ്തതൊക്കെ രാഷ്ട്രീയ കൊലപാതകത്തിനപ്പുറത്ത് ഈ സംഭവത്തിനു പൊലീസ് നല്‍കിയിട്ടുള്ള ഗൗരവം വ്യക്തമാക്കുന്നു.

മുഖ്യധാരാ രാഷ്ട്രീയത്തില്‍ സജീവമല്ലാതിരിക്കുകയും പൊതുപ്രശ്നങ്ങളില്‍ ഇടപെടല്‍ നടത്തുന്നു എന്നപേരില്‍ കലാപത്തിനു ശ്രമിക്കുകയും ചെയ്യുന്നു എന്ന ആരോപണം എസ്.ഡി.പി.ഐ.യ്ക്കുമേല്‍ പൊലീസ് ചുമത്തുന്നുണ്ട്. ഇപ്പോഴത്തെ നടപടികള്‍വഴി നക്സല്‍ മോഡല്‍ അടിച്ചമര്‍ത്തലാണ് പൊലീസ് ലക്ഷ്യമിടുന്നതും.

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടന്ന ചില ബഹുജന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുടെ പങ്ക് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. മഹാരാജാസ് കോളേജ് സംഭവം ഉപയോഗപ്പെടുത്തി, ഇത്തരം സംഭവങ്ങളിലെ കുറ്റക്കാരെ പിടികൂടണമെന്ന നിര്‍ദേശം ജില്ലാ പോലീസ് മേധാവികള്‍ക്ക് കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്.

അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മറുപക്ഷത്തുള്ള ആര്‍ക്കും ചെറിയ പോറല്‍പോലും ഏറ്റിട്ടില്ല. സംസ്ഥാനത്ത് മുമ്പ് കലാലയങ്ങളില്‍ അരങ്ങേറിയിട്ടുള്ള കൊലപാതകങ്ങളെല്ലാം ഏറ്റുമുട്ടലിന്റെ ഫലമോ മുമ്പ് നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയോ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അഭിമന്യുവിന്റേത് രാഷ്ട്രീയ കൊലപാതകമല്ല എന്ന് പൊലീസ് കേന്ദ്രങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

കണ്ണൂരില്‍ കതിരൂര്‍ മനോജ് വധക്കേസില്‍ കഴിഞ്ഞ സര്‍ക്കാര്‍ സി.പി.ഐ.എം. പ്രവര്‍ത്തകര്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയത് വിമര്‍ശിക്കപ്പെട്ടുവെങ്കിലും, ഹൈക്കോടതി അത് ശരിവെച്ചിരുന്നു.

അഭിമന്യു കേസിന് തീവ്രവാദ സ്വഭാവമുള്ളതിനാല്‍ യു.എ.പി.എ.യ്ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. പൊലീസ് അന്വേഷണത്തിനു സമാന്തരമായി എന്‍.ഐ.എ. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

അഭിമന്യു കേസില്‍ സര്‍ക്കാരും പൊലീസും മൃദുസമീപനം സ്വീകരിക്കുന്നു എന്ന ബി.ജെ.പി. അടക്കമുള്ള കക്ഷികളുടെ ആരോപണങ്ങളുടെ മുനയൊടിക്കാനും ശക്തമായ പൊലീസ് നടപടിവഴി കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

Top