പോര്‍മുഖത്തെ ധീരതയേക്കാള്‍ ജനങ്ങള്‍ കയ്യടിക്കുന്നത് പാകിസ്ഥാന്റെ പിടിയില്‍പ്പെട്ടിട്ടും നഷ്ടമാകാതിരുന്ന അഭിനന്ദന്‍ വര്‍ധമാന്‍ എന്ന ഇന്ത്യയുടെ അഭിമാനമായ പോരാളിയുടെ ആത്മസംയമനത്തിനാണ്. അദ്ദേഹത്തിന്റെ ധീരതയും മനസാന്നിധ്യമാണ് നാടെങ്ങും ചര്‍ച്ചാവിഷയം. വ്യോമസേനയോടുള്ള ഇഷ്ടം അദ്ദേഹത്തിന് അച്ഛന്‍ റിട്ട. എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ദ്ധമാനില്‍ നിന്നാണ് കിട്ടയതെങ്കില്‍ ഈ പക്വമായ സമീപനം നേടിയത് അമ്മയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോകപ്രശസ്തയായ ഡോക്ടര്‍.ശോഭ വര്‍ധമാനാണ് അഭിനന്ദിന്റെ അമ്മ.
യുദ്ധം തകര്‍ത്ത രാഷ്ട്രങ്ങളിലാണ് ശോഭയുടെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ലഭിച്ചിട്ടുള്ളത്. യുദ്ധം ഛിന്നഭിന്നമാക്കിയ ലൈബീരിയ, പപ്പുവാ ന്യൂഗിനി, ഇറാഖ്, ഐവറി കോസ്റ്റ്, ഹെയ്തി, ലാവോസ് തുടങ്ങിയ സംഘര്‍ഷ ഭൂമികളില്‍ പോരാട്ടങ്ങളില്‍ പരുക്കേറ്റ് മൃതപ്രായരാവുന്ന പട്ടാളക്കാര്‍ക്കും സാധാരണകാര്‍ക്കും വേണ്ട അടിയന്തര വൈദ്യസഹായം നല്‍കുന്ന ‘മെഡിസിന്‍സ് സാന്‍സ് ഫ്രെണ്ടിയേഴ്‌സ്’ എന്ന സംഘടനയിലെ ഡോക്ടറാണ് ശോഭ. അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍ എന്നും ഇവരെ വിശേഷിപ്പിക്കാറുണ്ട്. പതിനാലു വര്‍ഷമായി സംഘര്‍ഷ ഭൂമികളിലാണ് ശോഭയുടെ സേവനം.
മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ശോഭ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടുന്നത്. അതിനുശേഷം ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സില്‍ നിന്നും അനസ്‌തേറ്റോളജിയില്‍ എം.ഡി.യും അവര്‍ കരസ്ഥമാക്കി. ആദ്യകാലത്ത് ഇന്ത്യയില്‍ തന്നെയായിരുന്നു ജോലി. അന്താരാഷ്ട്ര സേവനങ്ങളുടെ തുടക്കം ഐവറി കോസ്റ്റിന്റെ കലാപബാധിത പ്രവശ്യകളിലായിരുന്നു. നിരന്തരം കലാപവും ആക്രമണവും നടക്കുന്ന കാലമാണ്.
രണ്ടാം ഗള്‍ഫ് യുദ്ധകാലത്ത് ഡോ. ശോഭ ഇറാഖിലെ സുലൈമാനിയ എന്ന പട്ടണത്തിലായിരുന്നു. അവിടെ നടന്ന ചാവേറാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. യുദ്ധം ഏല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്നും ജനങ്ങളെ കരകയറ്റുകയായിരുന്നു ശോഭയുടെ പ്രധാന ദൗത്യം. പിന്നീട് ഗുരുതരമായ ലൈംഗികരോഗങ്ങള്‍ കൊണ്ട് അവശരായ അവികസിത രാഷ്ട്രമായ പപ്പുവാ ന്യൂഗിനിയിലായിരുന്നു ശോഭയുടെ സേവനം.
പപ്പുവയിലെ വെല്ലുവിളി നിറഞ്ഞ സേവനത്തിന് ശേഷം റോഡുകള്‍ പോലും സഞ്ചാരയോഗ്യമല്ലാതിരുന്ന ലാവോസിലും ഭൂകമ്പം തകര്‍ത്ത ഹെയ്ത്തിലുമായിരുന്നു സേവനം. 2010 ലെ ഭൂകമ്പത്തില്‍ മൂന്നുലക്ഷത്തിലധികം പേര് കൊല്ലപ്പെട്ട നാട്. അവിടെയും വളരെ സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ സ്ഥിതിമെച്ചപ്പെടുത്താന്‍ ഡോ.ശോഭ ശ്രമിച്ചു.
അതിനിടെ തന്റെ ഭര്‍ത്താവിന് പാരീസില്‍ വളരെ പ്രധാനപ്പെട്ട ഔദ്യോഗികനിര്‍വഹണത്തിന് അവസരം കിട്ടിയപ്പോള്‍ സ്തുത്യര്‍ഹായ തന്റെ ജോലി ഇടയ്ക്ക് ത്യജിക്കാനും ഇവര്‍ തയാറായിരുന്നു.