ഇങ്ങ് കോട്ടയത്തിരുന്ന് അഭിലാഷ് ഇടപെട്ടു; സൗദിയിൽ മിനി മതിൽചാടി രക്ഷപെട്ടു; സഹായത്തിനെത്താതെ എംബസിയും വിദേശകാര്യ മന്ത്രാലയവും; തുണയായത് നല്ലവരായ ഒരു പറ്റം മലയാളികൾ

സ്വന്തം ലേഖകൻ

കോട്ടയം: മലയാളത്തിന്റെ മണ്ണിൽ നിന്നും വിദേശരാജ്യങ്ങളിലേയ്ക്കു പറക്കുന്ന ഏതൊരു വ്യക്തിയും സ്വപ്‌നം കാണുന്നത് അതിജീവനത്തിന്റെ പുതിയ തുരുത്തുകളാണ്. സ്വപ്‌നം പോലൊരു ജീവിതവും, കുടുംബം പുലർത്തണമെന്ന ആഗ്രഹവും മാത്രമാണ് സൗദിയിലേയ്ക്കു പോകുമ്പോൾ
കോട്ടയം പാമ്പാടി വെള്ളൂർ കാട്ടാംകുന്ന് ആരോലിൽ വീട്ടിൽ ഷാജിയുടെ ഭാര്യ മിനിയ്ക്കും ഉണ്ടായിരുന്നത്. ഈ ആഗ്രഹം മനസിലിട്ട് താലോലിച്ച് തന്നെയാണ് ഹൗസ് മെയ്ഡ് വിസയിൽ മിനി സൗദിയിലേയ്ക്കു വിമാനം കയറിയത്. എന്നാൽ, ജോലിക്കായി ചെന്നുപെട്ട വീട്ടിലെ ദുരവസ്ഥ പുറത്തു പറയാനാവാത്ത വിധം ദാരുണമായിരുന്നെന്നു മിനി പറയുന്നു.
ഫെബ്രുവരിയിലാണ് സൗദി അറേബ്യയിൽ ഒരു അറബിയുടെ വീട്ടിൽ മെയ്ഡ് ആയി ജോലിക്കു പോയത്. ഒരു കൂട്ടുകുടുംബമായ ആ വീട്ടിൽ എത്തിയപ്പോൾ മുതൽ അറബിയുടെ വീട്ടിലെ സ്ത്രീകൾ അകാരണമായി മിനിയെ മർദ്ദിക്കുക പതിവായിരുന്നു. ഒരുമിച്ചു മർദ്ദിക്കുക…കരയുമ്പോൾ കൈകൊട്ടി ചിരിക്കുക. പുറത്താണ് അടിക്കുന്നത്. മുടിയ്ക്കു കുത്തിപ്പിടിച്ചു വട്ടം കറക്കുക. മുഖത്തടിയ്ക്കുക. ഇതിനൊക്കെപ്പുറമെ ദിവസം 20 മണിക്കൂറോളം വിശ്രമമില്ലാത്ത ജോലി. കഴിക്കാൻ കൊടുക്കുന്നത് മൂന്ന് നേരവും വെള്ളച്ചോറും കുരുമുളകുപൊടിയും മാത്രം. അത് കഴിച്ചതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ വേറേ. ഇവിടുത്തെ കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ നാവ് പിഴുതെടുക്കുമെന്നു ഭീഷണിയും. വീട്ടിലെ കഷ്ടപ്പാട് ഓർത്തപ്പോൾ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഒരു രക്ഷയുമില്ലാതെ വന്നതോടെ മിനി ഭർത്താവിനോടു കാര്യങ്ങൾ തുറന്നു പറഞ്ഞു.
സൗദിയിൽ ഒരു വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ക്രൂരത അനുഭവിക്കുന്ന ഭാര്യയെ രക്ഷിക്കാൻ കോട്ടയത്തിരിക്കുന്ന പാവം ഭർത്താവിനു എന്തു ചെയ്യാൻ സാധിക്കും. ഒടുവിൽ കിടങ്ങൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രദീപിനെ സമീപിച്ചു തന്റെ അവസ്ഥ പറഞ്ഞു. പ്രദീപ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഷാജി മാധ്യമപ്രവർത്തകനായ അഭിലാഷ് ജി.നായരിനെ സമീപിക്കുന്നത്. ഷാജിയുടെ ദുരിതം കണ്ടറിഞ്ഞ അഭിലാഷ് തന്റെ ഫെയ്‌സ്ബുക്കിൽ കഴിഞ്ഞ മെസ് 14 നു പോസ്റ്റിട്ടു – സൗദി മലയാളികൾ ആരെങ്കിലും ഇപ്പോൾ ഇവിടെയുണ്ടോ..?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

aba അത്യാവശ്യമാണ്. – എന്ന പോസ്റ്റാണ് അഭിലാഷ് ജി.നായർ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിനോടു പ്രതികരിച്ചു നിരവധി സുഹൃത്തുക്കളാണ് രംഗത്ത് എത്തിയത്. സൗദിയിൽ ഇന്ത്യക്കാരിയായ യുവതിയെ രക്ഷിക്കാനും സഹായിക്കാനും മലയാളികളും ഒപ്പമുണ്ടായെന്നു ഉറപ്പായതോടെ അഭിലാഷിന്റെ നിർദേശാനുസരണം മിനി സൗദിയിലെ തടവറയായ വീടിന്റെ മതിൽ ചാടി. സൗദി പൊലീസിന്റെ സഹായത്തോടെ ഇപ്പോൾ മറ്റൊരു വീട്ടിൽ വിശ്രമിക്കുകയാണ് മിനി.

അഭിലാഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സൗദി മലയാളികൾ ആരെങ്കിലും ഇവിടെയുണ്ടോ’ എന്ന് ഞാൻ കഴിഞ്ഞദിവസം ഇവിടെ ചോദിച്ചിരുന്നത് നിങ്ങളിൽ കുറച്ചുപേരെങ്കിലും ഓർക്കുന്നുണ്ടാകുമല്ലോ. ആ അന്വേഷണത്തോട് എൻറെ നല്ലവരായ സൗദി മലയാളി സുഹൃത്തുക്കൾ പ്രതികരിക്കുകയുമുണ്ടായി. എന്തിനായിരുന്നു ആ അന്വേഷണമെന്ന് പറയാം.

കോട്ടയം പാമ്പാടി വെള്ളൂർ കാട്ടാംകുന്ന് ആരോലിൽ വീട്ടിൽ ശ്രീ. ഷാജിയുടെ ഭാര്യ മിനി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൗദി അറേബ്യയിൽ ഒരു അറബിയുടെ വീട്ടിൽ maid ആയി ജോലിക്കു പോയത്. ഒരു കൂട്ടുകുടുംബമായ ആ വീട്ടിൽ എത്തിയപ്പോൾ മുതൽ അറബിയുടെ വീട്ടിലെ സ്ത്രീകൾ അകാരണമായി മിനിയെ മർദ്ദിക്കുക പതിവായിരുന്നു. ഒരുമിച്ചു മർദ്ദിക്കുക…കരയുമ്പോൾ കൈകൊട്ടി ചിരിക്കുക. പുറത്താണ് അടിക്കുന്നത്. മുടിയ്ക്കു കുത്തിപ്പിടിച്ചു വട്ടം കറക്കുക. മുഖത്തടിയ്ക്കുക. ഇതിനൊക്കെപ്പുറമെ ദിവസം 20 മണിക്കൂറോളം വിശ്രമമില്ലാത്ത ജോലി. കഴിക്കാൻ കൊടുക്കുന്നത് മൂന്ന് നേരവും വെള്ളച്ചോറും കുരുമുളകുപൊടിയും മാത്രം. അത് കഴിച്ചതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ വേറേ. ഇവിടുത്തെ കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ നാവ് പിഴുതെടുക്കുമെന്നു ഭീഷണിയും. പിടിച്ചുനിൽക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും പീഡനങ്ങൾ സഹിക്കവയ്യാതെ വന്നപ്പോഴാണ് മിനി സ്വന്തം ഭർത്താവിനോടുപോലും കാര്യങ്ങൾ പറഞ്ഞത്. വിവരമറിഞ്ഞ ഷാജി വേവലാതിപ്പെട്ടു മിനിയെ രക്ഷിക്കാനുള്ള വഴികൾ ആരാഞ്ഞത് എൻറെ സുഹൃത്ത് കൂടിയായ കിടങ്ങൂർ പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീ. പ്രദീപിനോടാണ്. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ഷാജി എന്റെയടുത്തു എത്തിയത്.
വിവരമറിഞ്ഞതുമുതൽ ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രിയും മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും ഒരിടപെടലുമുണ്ടായില്ല( പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ ഇടപെട്ടു അവരെ സഹായിക്കാൻ കഴിഞ്ഞ എനിയ്ക്ക് ഇതാദ്യമായാണ് വിദേശകാര്യ മന്ത്രാലയത്തിൽനിന്നും ഇത്തരുണത്തിൽ ഒരനുഭവമുണ്ടാകുന്നത് ). വിദേശകാര്യ മന്ത്രാലയം മാത്രമല്ല സൗദിയിലെ ഇന്ത്യൻ എംബസിയും ഒരു സഹായവും ചെയ്തില്ല. ഒരു ഘട്ടത്തിൽ എംബസിയിലെ ഒരു ഉദ്യോഗസ്ഥയോടു ‘ എന്തിനാണ് നിങ്ങളൊക്കെ അവിടെയിരിക്കുന്നതു ‘ എന്നുപോലും ചോദിക്കേണ്ടിവന്നു. അതൊക്കെ വിടാം.
എന്തായാലും , സ്വന്തം ജീവൻപോലും പണയംവെച്ചു മിനി എടുത്ത ഒരു റിസ്‌ക്…ഞാൻ കൂടി നിർബന്ധിച്ചിട്ടു എടുത്ത ആ സാഹസം. മിനി ഇന്നലെ അവിടെ പുലർച്ചെ അഞ്ചരയോടെ അറബിയുടെ വീടിന്റെ ഒരാൾപൊക്കമുള്ള മതിൽ എങ്ങനെയോ വലിഞ്ഞുകയറി ചാടി..ആ ചാട്ടത്തിൽ കാലിന്റെ കുഴ തെറ്റി. ഒരടിപോലും മുന്നോട്ട് നടക്കാൻ കഴിയില്ലെന്നായപ്പോൾ മിനിതന്നെ സൗദി പോലീസിന്റെ സഹായം തേടി. അവരെത്തി മിനിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പുലർച്ചെമുതൽ വൈകുന്നേരം ഏഴുമണിവരെ പൊലീസ് സ്റ്റേഷനിൽ. വളരെ മാന്യമായാണ് പൊലീസ് തന്നോട് പെരുമാറിയതെന്ന് മിനി പറഞ്ഞു. വൈകുന്നേരത്തോടെ മിനിയെ മറ്റൊരു വീട്ടിലേക്കു മാറ്റി. അറബി കുടുംബം തന്നെ. വളരെ നല്ല കുടുംബം. സ്‌നേഹമുള്ള വീട്ടുകാർ. കരുതലുള്ളവർ. അവശയായിച്ചെന്ന മിനിയുടെ കാലിലെ നീരിൽ ഐസ് വെച്ചുകൊടുത്തു…അടികൊണ്ടു തിണിർത്ത പാടുകളിൽ ലേപനം പുരട്ടി…മൂന്ന് മാസങ്ങൾക്കുശേഷം കഴിക്കാൻ നല്ല ഭക്ഷണം കിട്ടി…AC യുള്ള മുറി കൊടുത്തു ഉറങ്ങാൻ. ഒരുപാട് നാളുകൾക്കുശേഷം മിനി ഇന്നലെ ജീവാപായഭീഷണിയില്ലാതെ സുഖമായുറങ്ങി. ഇന്ന് പകലും സമാധാനപൂർണ്ണമായി കടന്നുപോയി.
ഈശ്വരന് നന്ദി.

മിനിയെ രക്ഷിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ഒരു ഫോൺ കോൾ അല്ലെങ്കിൽ മെസേജ് കൊണ്ടുപോലും ഇടപെടൽ നടത്തിയ എൻറെ എല്ലാ നല്ല കൂട്ടുകാർക്കും ഷാജിയുടെയും കുടുംബത്തിന്റെയും പേരിലും എൻറെ സ്വന്തം പേരിലുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

Top