തന്റെ മരിച്ചുപോയ കൂട്ടുകാരി പാമ്പായി പുനര്‍ജനിച്ചെന്നും അവളെ താന്‍ വിവാഹം കഴിച്ചെന്നും പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ച പാമ്പ് പിടിത്തക്കാരനായിരുന്നു അബു സരിന്‍ ഹുസിന്‍. പാമ്പ് പിടിക്കുന്നതില്‍ വിദഗ്ധനായ ഇദ്ദേഹം തന്റെ അത്ഭുതപ്പെടുത്തുന്ന കഴിവിലൂടെ ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്.
പക്ഷെ വിധി അദ്ദേഹത്തിനായി കരുതിവെച്ചിരുന്നത് ക്രൂരമായ മരണമായിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ ലോകശ്രദ്ധനേടിയ ഹുസിന്‍ മുര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാണ് മരിച്ചത്. പാമ്പു പിടിത്തത്തിനിടെ കടിയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയോടെ വിധിക്കുമുന്നില്‍ കീഴടങ്ങുകയായിരുന്നു.
പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മലേഷ്യയിലുള്ള അഗ്നിശമന സേനയ്ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നത് ഹുസിനായിരുന്നു. തിങ്കളാഴ്ചയാണ് പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റത്.
ഹുസിന്റെ ജീവിതവും സ്വപ്നങ്ങളും എന്നും വിചിത്രമായിരുന്നു. നാല് വിഷപാമ്പുകളെയാണ് അദ്ദേഹം സ്വന്തം വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്നത്. ഇതില്‍ ഒരു വളര്‍ത്തു പാമ്പ് ‘പുനര്‍ജനിച്ച കാമുകി’യാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ആ പാമ്പിനെ വിവാഹം കഴിച്ചെന്ന് 2016ല്‍ ഒരഭിമുഖത്തില്‍ ഹുസിന്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് വെളിപ്പെടുത്തല്‍ വിവാദമായതോടെ ‘ഞാന്‍ പാമ്പിനെ വിവാഹം കഴിച്ചെന്ന് മാധ്യമങ്ങള്‍ കഥയിറക്കി’ എന്ന് നിലപാട് മാറ്റി.
എന്തായാലും പാമ്പിനെ സ്നേഹിച്ച അദ്ദേഹം പാമ്പിന്റെ കടിയേറ്റ് മരിക്കുമ്പോള്‍ ലോകത്തിന് നഷ്ടമാകുന്നത് മികവുറ്റ പാമ്പുപിടിത്തക്കാരനെയാണ്.