അബുദാബി: അബുദാബി അല്‍ റഹ്ബ പ്രദേശത്ത് ഉയരുന്ന യുഎഇയിലെ ക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ മൂവായിരത്തോളം വിദഗ്ധ തൊഴിലാളികള്‍ ഭാഗമാകും. ഇന്ത്യയിലെ പുരാതന ക്ഷേത്രനിര്‍മിതികളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് യുഎഇയിലെ ക്ഷേത്രത്തിന്റെ സൂക്ഷ്മാംശങ്ങള്‍പോലും ചിട്ടപ്പെടുത്തുന്നത്. മുഖ്യ ശില്പി ചുമതലയേല്‍ക്കുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവുമെന്ന് നിര്‍മാണ ച്ചുമതലയുള്ള ബാപ്‌സ് സ്വാമി നാരായണ്‍ സംസ്ഥയുടെ വക്താവ് സാധു ബ്രഹ്മവിഹാരിദാസ് അറിയിച്ചു. വലിയ നിര്‍മിതികള്‍ക്ക് അനുയോജ്യമായ കല്ലുകളും സാമഗ്രികളും പരിശോധിക്കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. നിര്‍മിതിയുടെ ഓരോ ഘട്ടവും ഭക്തരിലേക്ക് എത്തിക്കുന്നതിനായി വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.
2020ഓടെ നിര്‍മാണം ഏകദേശം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെങ്കിലും കൃത്യമായ സമയം വ്യക്തമാക്കിയിട്ടില്ല. ക്ഷേത്രസമുച്ചയമെന്ന പരിമിതികള്‍ക്കപ്പുറം യുഎഇയിലെ നിര്‍മിതികളില്‍ മുഖ്യസ്ഥാനം വഹിക്കുന്ന ഒന്നായിരിക്കുമിതെന്ന് യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സൂരി അറിയിച്ചു. ആരാധനാലയം എന്നതിലുപരി സാമൂഹിക കേന്ദ്രമായും സാംസ്‌കാരിക കേന്ദ്രമായും ഇത് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളും ബ്രഹ്മവിഹാരിദാസ് അബുദാബിയില്‍ നടത്തിവരികയാണ്.
അംഗീകൃത ധര്‍മസ്ഥാപനമെന്ന നിലയില്‍ രാജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വാറ്റ് ഇളവും ലഭിക്കും. അതിനായുള്ള നടപടികളും ത്വരഗതിയിലാണ്. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അല്‍ റഹ്ബയില്‍ അനുവദിച്ച സ്ഥലത്താണ് ക്ഷേത്രമുയരുന്നത്. 55,000 ചതുരശ്ര മീറ്റര്‍ സ്ഥലത്തുയരുന്ന ക്ഷേത്രസമുച്ചയം പൂര്‍ണമായും ശിലയിലായിരിക്കും നിര്‍മിക്കുക. പ്രാര്‍ഥനാ കേന്ദ്രം, ഭക്ഷണശാലകള്‍, ഗ്രന്ഥശാല, കായികകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ക്ഷേത്രത്തോട് അനുബന്ധിച്ച് നിര്‍മിക്കും.