ഒരു പൈസപോലും ചെലവാക്കാതെ മണ്ണാര്‍ക്കാട് സ്വദേശിയും സാധാരണക്കാരനുമായ കുഞ്ഞുമോനും തന്റെ വീട് എസിയാക്കി. അറബ് രാജ്യങ്ങളെ പോലെ തന്നെ കൊടുംചൂടില്‍ വെന്തുരുകുന്ന കേരളത്തിലും, ഒരു സാധാരണക്കാരന്‍ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ചു തന്നെ തന്റെ വീട് തണുപ്പിച്ചിരിക്കുന്നു. മണര്‍കാട് നിരമറ്റം മട്ടാഞ്ചേരിയില്‍ കുഞ്ഞുമോന്‍ ജയരാജ് ആണ് തന്റെ വീടിനെ പ്രകൃതിയോടിണക്കിചേര്‍ത്തത്.
തന്റെ വീടിന്റെ ടെറസില്‍ വാഴക്കച്ചിയും പോതപുല്ലും നിറച്ച് വെള്ളം തളിച്ചു നിര്‍ത്തിയാണ് കാറ്ററിംഗ് ജോലിക്കാരനായ കുഞ്ഞുമോന്‍ ആദ്യം പരീക്ഷണം നടത്തിയത്. എന്നാല്‍ പരീക്ഷണത്തിന്റെ ഫലമായുണ്ടായ ഫലം അമ്പരപ്പിക്കുന്നതായിരുന്നു. വീടിന്റെ മുറികള്‍ ഈ കൊടും ചൂടിലും എയര്‍ക്കണ്ടീഷന്‍ മുറികളിലേതിനു തുല്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് കുഞ്ഞുമോന്‍ മാത്രമല്ല, അനുഭവസ്തരുമായി അയല്‍ക്കാരും നാട്ടുകാരുമുണ്ട്.
ചൂടിനെ തോല്‍പ്പിച്ച അമ്പരപ്പിക്കുന്ന കഥയ്ക്കു പിറകേ കുഞ്ഞുമോന്റെ വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കുമുണ്ട്. തൊട്ടയല്‍പക്കങ്ങള്‍ കുഞ്ഞുമോനെ അനുകരിച്ചും തുടങ്ങിയിട്ടുണ്ട്. അവര്‍ക്ക് സഹായവുമായി കുഞ്ഞുമോന്‍ കൂടെയുണ്ട്. ഒരു പൈസയുടെ പോലും ചെലവില്ലാതെ തണുപ്പൊരുക്കി അത്ഭുതം കാട്ടിയ കുഞ്ഞുമോന്‍ ഇപ്പോള്‍ നാട്ടില്‍ ശ്രദ്ധേയനുമാണ്.
സ്വന്തം പറമ്പിലെ വാഴത്തോട്ടത്തില്‍ നിന്നും വെട്ടിയ വാഴക്കച്ചിയും സമീപത്തെ തരിശ് ഭൂമിയില്‍ വളര്‍ന്നു നില്‍ക്കുന്ന പോതപ്പുല്ലുകളും കൂടെ തന്റെ അധ്വാനവുമാണ് കുഞ്ഞുമോന്‍ ഈ പദ്ധതിക്ക് ഉപയോഗിചച്ചത്. വാഴക്കച്ചി ആദ്യം ടെറസില്‍ നല്ല കനത്തിന് നിരത്തി. അതിനു മുകളില്‍ സാമാന്യം കനത്തില്‍ തന്നെ പോതപ്പുല്ലും നിരത്തി. അതിനുശേഷം അതിനുമുകളില്‍ ചെറിയ നനവിനായി കൈവെള്ളം തളിച്ചും കൊടുത്തു. കൊടും വെയിലില്‍ ടെറസ് ചുട്ടുപഴുത്തുണ്ടാകുന്ന വീടിനുള്ളിലെ ചൂട് അങ്ങനെ മാറി. പൈസയൊന്നും ചെലവാക്കാതെ തന്നെ കുഞ്ഞുമോന്‍ തന്റെ വീട് എസിയാക്കിമാറ്റുകായായിരുന്നു.
തണല്‍ എത്രത്തോളം കൂടുന്നോ അത്രത്തോളം ചൂടിനെ രപതിരോധിക്കാനാകുമെന്ന് കുഞ്ഞുമോന്‍ പറയുന്നു. ടെറസിനു തണലൊരുക്കിയതോടെ മുറികള്‍ തണുത്തു. നടക്കാന്‍ പോലുമാകാത്ത തന്റെ പ്രായമായ അച്ഛനേയും അമ്മയേയും ചൂടില്‍ നിന്നും എങ്ങനെ രക്ഷിക്കാം എന്ന ചിന്തയിലാണ് കുഞ്ഞുമോന് ഇത്തരത്തില്‍ ഒരു ആശയം ലഭിച്ചത്. പഴയ ഓല മേഞ്ഞ വീടുകളില്‍ ചൂടില്ലായിരുന്നു എന്നതിരിച്ചറിവുകൂടിയായതോടെ മറ്റൊന്നും ആലോചിക്കാതെ കുഞ്ഞുമോന്‍ തന്റെ പദ്ധതി പ്രവര്‍ത്തികമാക്കുകയായിരുന്നു.
വഴപ്പോളയാണ് ടെറസിനെ ചൂട് ഏല്‍ക്കാതെ തടയുന്നത്. എന്നാല്‍ കനത്ത വെയിലില്‍ രണ്ടു ദിവസം കഴിയുമ്പോള്‍ വാഴപ്പോളകള്‍ ഉണങ്ങാന്‍ സാധ്യതയുള്ളതിനാലാണ് അതിനുമുകളില്‍ പുല്ല് നിരത്തുന്നത്. പുല്ലിനു മുകളില്‍ അതിരാവിലെ വെള്ളം തളിക്കുന്നതോടെ ചൂട് കനത്തുവരുമ്പോള്‍ പുല്ലും സംരക്ഷിക്കപ്പെടും.
ഫല്‍റ്റും വാര്‍ക്കവീടും ഉപേക്ഷിച്ച് അധികം താമസിയാതെ ജനങ്ങള്‍ പുല്ലുമേഞ്ഞ വീടുകളിലേക്കും ഓലപ്പുരകളിലേക്കും താമസം മാറ്റുമെന്ന് കുഞ്ഞുമോന്‍ ഉറപ്പിച്ചു പറയുന്നു. കാരണം ഓരോ വര്‍ഷവും അത്തരത്തിലാണ് ചൂടിന്റെ വര്‍ദ്ധന. വടക്കേ ഇന്ത്യതന്നെ ഒന്നു എടുത്തു നോക്കിയാല്‍ കാര്യങ്ങള്‍ മനസ്സിലാകും. കഠിനമായ ചൂടില്‍ നിന്ന് രക്ഷ നേടി വീടുപേക്ഷിച്ച് മരച്ചുവട്ടിലേക്ക് താമസം മാറുന്നവരുടെ കണക്ക് അവിടെ വര്‍ഷം തോറും വര്‍ദ്ധിക്കുകയാണ്. സുരക്ഷിതമെന്ന് കരുതിയിരിക്കുന്ന കേരളത്തിലും ഈ അവസ്ഥ വരുമെന്ന കാര്യത്തില്‍ സംശയമില്ല- കുഞ്ഞുമോന്‍ പറയുന്നു.